വിഴിഞ്ഞം തുറമുഖം പദ്ധതി അഞ്ചോ ആറോ മാസം കൊണ്ട് പൂർണമായി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുത്ത ശേഷം നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൂർത്തിയാക്കിയ അദാനി ഗ്രൂപ്പിനെയും കരൺ അദാനിയെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിന് അസാധ്യമായിട്ടൊന്നുമില്ല. ഏത് പ്രതിസന്ധിയും എത്ര വലുതാണെങ്കിലും നമ്മളത് തരണം ചെയ്യും എന്ന് തെളിയിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന ഒന്നാണ് ഈ പോർട്ട്. വിഴിഞ്ഞത്തിന്റെയും കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലൊരു പോർട്ട് ലോകത്ത് അപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തിനായി പ്രത്യേക പ്രവർത്തന കലണ്ടർ തയാറാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിർമാണം പൂർത്തിയാക്കുന്നതോടെ അനുബന്ധ വ്യവസായങ്ങൾക്ക് അനന്ത സാധ്യതകളാണെന്നും 5000 ൽ അധികം തൊഴിലവസരങ്ങൾ നേരിട്ട് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യക്ഷനായിരുന്ന തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പദ്ധതി യാഥാര്‍ഥ്യമാക്കിയതില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവർക്ക് നന്ദി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ഇ കെ നായനാർ, കെ കരുണാകരൻ, ഉമ്മൻചാണ്ടി, വി എസ് അച്യുതാനന്ദൻ തുടങ്ങിയവർക്കാണ് അഹമ്മദ് ദേവർ കോവിൽ നന്ദി പറഞ്ഞത്.
ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗത്തിന് പിന്നാലെ സദസിൽ മുഖ്യമന്ത്രി പിണറായി വിജയന് ജയ് വിളിയുയർന്നു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും വിഴിഞ്ഞം തുറമുഖത്തെ കടൽക്കൊള്ള എന്നായിരുന്നു അന്നത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചതെന്നും സതീശൻ പറഞ്ഞു.
വികസനം വരുമ്പോൾ ജനങ്ങൾ ചേരിയിലേക്കും ഗോഡൗണുകളിലേക്കും മാറുന്നതാകരുത് വികസനമെന്നും കൃത്യമായ പുനരധിവാസം എല്ലാവർക്കും ഉറപ്പാക്കണമെന്നും ഒരാളുടെയും കണ്ണുനീർ ഈ പുറംകടലിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചടങ്ങിൽ നിന്ന് ലത്തീൻ സഭ വിട്ടുനിന്നെങ്കിലും വിഴിഞ്ഞം ഇടവക ചടങ്ങിൽ പങ്കെടുത്തു. വിഴിഞ്ഞം വികാരി മോൻസിഞ്ഞോർ നിക്കോളസ് മന്ത്രിമാർക്ക് ഒപ്പം തുറമുഖം ബെർത്ത് സന്ദർശിച്ചു. ചടങ്ങിൽ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു. ആദ്യ ചരക്കു കപ്പൽ എത്തുമ്പോൾ ക്യാപ്റ്റനു മൊമന്റോ നൽകി സ്വീകരിക്കുന്ന ചടങ്ങ് നേരത്തെ ഒക്ടോബർ 12നു നടന്നിരുന്നു. നിർമാണഘട്ടത്തിലുള്ള തുറമുഖമായതിനാൽ കപ്പലിലെ ജീവനക്കാർക്ക് കരയിലിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല.
അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് ഏറ്റവുമുടുത്തുള്ള ഇന്ത്യയിലെ ഏറ്റവും ആഴമുള്ള തുറമുഖം എന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. തുറമുഖത്തിനാവശ്യമായ 100 മീറ്റർ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളിനിൽക്കുന്നതുമായ സൂപ്പർ പോസ്റ്റ് പനാമകസ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ഷോർ ക്രെയിനുമാണ് കപ്പലിൽ എത്തിച്ചിരിക്കുന്നത്. നാളെ മുതൽ ക്രെയിൻ കപ്പലിൽ നിന്നിറക്കി ബെർത്തിൽ സ്ഥാപിക്കും. 20ന് കപ്പൽ തിരിച്ചു പോകും. ക്രെയിനുകളുമായി അടുത്ത കപ്പൽ ചൈനയിൽനിന്ന് നവംബർ 15നു പുറപ്പെടും. എട്ട് സൂപ്പർ പോസ്റ്റ് പനാമക്‌സ് ക്രെയിനുകളും 32 ഷോർ ക്രെയിനുകളുമാണ് തുറമുഖ നിർമാണത്തിന് ആവശ്യം. ഇതിനാവശ്യമായ ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ വൈകാതെ തുറമുഖത്തെത്തും.