വിഴിഞ്ഞത്തെ തീരശോഷണത്തെക്കുറിച്ച് പഠിക്കാനായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിഗണന വിഷയങ്ങളിൽ തിരുമാനമായി. തുറമുഖ വിരുദ്ധ സമരം അവസാനിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് തീരശോഷണത്തെക്കുറിച്ച് പഠിക്കാനായുള്ള വിദഗ്ധസമിതിയുടെ പരിഗണനാ വിഷയങ്ങളിൽ അന്തിമ ധാരണയാകുന്നത്. തുറമുഖത്തിന്റെ നിർമാണ ഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ തീരശോഷണം സംഭവിച്ചിട്ടുണ്ടോ, തുറമുഖ നിർമാണം കാരണം മത്സ്യബന്ധന മേഖലയിലും സമുദ്ര ആവാസവ്യവസ്ഥയിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും.
മത്സ്യത്തൊഴിലാളി സംഘടനകളുമായും ലത്തീൻ അതിരൂപതയുമായും വിദഗ്ദ്ധ സമിതി ചർച്ച നടത്തണം. നാലുമാസം കൊണ്ട് ഇടക്കാല റിപ്പോർട്ടും ആറുമാസം കൊണ്ട് അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്താതെയാണ് സർക്കാർ ഉത്തരവ്. പഠിക്കേണ്ട ദൂരം വിദഗ്ധ സമിതിക്ക് നിശ്ചയിക്കാമെന്നാണ് സർക്കാർ പറയുന്നത്. കൃത്യമായി ദൂരം രേഖപ്പെടുത്താത്തത് തീരശോഷണം രൂക്ഷമായ മേഖലകളെ പഠനത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണെന്ന് സമരസമിതി ആരോപിച്ചു. ഒക്ടോബർ ആദ്യമാണ് തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡീഷണൽ ഡയറക്ടർ എം ഡി കുന്ദലെയാണ് സമിതിയുടെ അധ്യക്ഷൻ.