വിഴിഞ്ഞം തുറമുഖ പദ്ധതി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്. സെപ്റ്റംബര്‍ ഒന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വീണ്ടും ഹൈകോടതിയെ സമീപിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് പുതിയ നീക്കം. മതിയായ സുരക്ഷ ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചെന്നും നിര്‍മ്മാണത്തിന് പോലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നും അദാനി ഗ്രൂപ്പ് പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും.
വേണ്ട രീതിയില്‍ പോലീസ് സുരക്ഷ ലഭിക്കാത്തതിനാല്‍ തുമുഖ നിര്‍മ്മാണം നിലച്ചു
സമാധാനപരമായി സമരം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, പ്രതിഷേധിക്കാനുള്ള അവകാശത്തിന്‍റെ പേരില്‍ എല്ലാ അനുമതിയോടെയും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളെ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ചീഫ് സെക്രട്ടറി വിപി ജോയ് ഐഎഎസ്, വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബിജു ഐഎഎസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഐപിഎസ്, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, എസിപി അജിത് കുമാര്‍, വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ, ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ, ഓക്‌സിലറി ബിഷപ്പ് ഡോ. ക്രിസ്തുദാസ് രാജപ്പന്‍, യൂജിന്‍ പെരേര എന്നിവരുള്‍പ്പെടെ 23 പേര്‍രെ എതിര്‍കക്ഷിയായാണ് കോടതിയലക്ഷ്യ ഹര്‍ജി.
പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഒരുക്കാനും നിര്‍ദേശിച്ച് കൊണ്ടായിരുന്നു സെപ്റ്റംബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവ് . സമരത്തെ തുടർന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹര്‍ജികളിലായിരുന്നു ജസ്റ്റിസ് അനു ശിവറാമിന്റെ ഉത്തരവ്.
സമരം സമാധാനപരമായി തുടരാം എന്നാല്‍ തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ അതിക്രമിച്ച് കടക്കരുത്. പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും, നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സംരക്ഷണം ഒരുക്കാനും നിര്‍ദേശിച്ച് കൊണ്ടായിരുന്നു സെപ്റ്റംബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവ് .
തുറമുഖ നിർമാണത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പുരോഹിതർ ഉൾപ്പെടെയുള്ള സമരക്കാർ അതിസുരക്ഷാ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് അദാനി ഗ്രൂപ്പും നിർമാണ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചത്. തുറമുഖ പദ്ധതിയുടെ 80 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തി പൂർത്തിയായെന്നും പദ്ധതിക്കുവേണ്ടി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെ പോലും ഒഴിപ്പിച്ചിട്ടില്ലെന്നും കമ്പനി കോടതിയെ അറിയിച്ചിരുന്നു.