വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിന് എതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന സമരപ്പന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതി. സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കാന്‍ സമര സമിതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ച് നീക്കാനാണ് നിര്‍ദേശം. തുറമുഖത്തിന്റെ ഗേറ്റിന് മുന്നിലെ സമരപ്പന്തല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണെന്ന അദാനി ഗ്രൂപ്പിന്റെ വാദം അംഗീകരിച്ചാണ് ഉത്തരവ്. തുറമുഖ നിര്‍മാണത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.
പന്തല്‍ പൊളിക്കുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സമരക്കാര്‍ക്ക് നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇതോടെയാണ് സമരപ്പന്തല്‍ കെട്ടിയവര്‍ തന്നെ പൊളിച്ചു നീക്കണമെന്ന് കോടതി ഉത്തരവിട്ടത്. സമരപ്പന്തലുള്ളതിനാല്‍ തുറമുഖ പദ്ധതി പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നത് തടസപ്പെടുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഇതുള്‍പ്പെടെ പരിഗണിച്ചാണ് കോടതി ഉത്തരവ്.
എന്നാല്‍ സമരപ്പന്തല്‍ പൊളിച്ചുനീക്കില്ലെന്ന നിലപാടിലാണ് സമര സമിതി. പൊതുവഴി തടസപ്പെടുത്തിയിട്ടില്ലെന്ന് സമര സമിതി നേതാവ് വികാരി ജനറല്‍ യൂജിന്‍ പെരേര വ്യക്തമാക്കി.
അതിനിടെ, വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര ശോഷണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ രണ്ട് മാസത്തോളമായി സമരം നടത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം ഡി കുഡാല്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.