140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം ലത്തീന്‍ അതിരൂപത പിന്‍വലിച്ചു. സമരസമിതി മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പൂര്‍ണ സംതൃപ്തിയോടെയല്ല സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സമരസമതി കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സമരസമിതി വിട്ടുവീഴ്ചകള്‍ ചെയ്തു. തുറമുഖ നിർമാണം മത്സ്യത്തൊഴിലാളികൾ തടസപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. ജോലിക്ക് പോകാനാവാത്ത ദിവസം മത്സ്യത്തൊഴിലാകളികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ധാരണയായി. എന്നാല്‍ വിദഗ്ധ സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധി വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പരിസ്ഥിതി ആഘാതത്തെ കുറിച്ചുള്ള പഠനം തുടരും. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമനടപടികൾ തുടരാനാണ് സമരസമിതിയുടെ തീരുമാനം.
വിദഗ്ധ സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം തുടർന്നും ഉന്നയിക്കുമെന്ന് ഫാദര്‍ യൂജിന്‍ പെരേര വ്യക്തമാക്കി. വിഴിഞ്ഞം സംഘര്‍ഷം തിരക്കഥയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള 5500 രൂപ വാടകയ്ക്ക് പകരം 8000 രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പുതുതായി അനുവദിക്കുന്ന 2500 രൂപ അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നായതിനാല്‍ വേണ്ടെന്നാണ് സമര സമിതി സ്വീകരിച്ച നിലപാട് . വാടക 5500 രൂപ തന്നെ മതിയെന്നും പണം കണ്ടല്ല സമരത്തിന് ഇറങ്ങിയതെന്നും ഫാ. യൂജിന്‍ പെരേര വ്യക്തമാക്കി. തീരശോഷണം പഠിക്കുന്ന സമിതിയോട് തീരജനതയുടെ ആശങ്കകള്‍ ബോധ്യപ്പെടുത്തുമെന്നും സമര സമിതി അറിയിച്ചു.
വിഴിഞ്ഞം ഒത്തുതീര്‍പ്പാക്കുന്നതില്‍ സഹകരിച്ച എല്ലാവര്‍ക്കും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നന്ദി അറിയിച്ചു.