കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ രണ്ട് എപിക് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിനൊപ്പം കോഴിക്കോട് ജില്ലയുടെ സമീപ ജില്ലകളിലും ജാഗ്രത കര്‍ശനമാക്കി. നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എപ്പിക് സെന്ററിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളില്‍ പ്രാദേശികമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. കണ്ടൈന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് പ്രാദേശികമായാണ് സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കുക. അവരെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഉണ്ടാവും. വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് നല്‍കും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയര്‍മാര്‍ ആകുന്നത്. ഇക്കാര്യത്തില്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കും.
ജില്ലയില്‍ നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 789 പേരെ തിരിച്ചറിഞ്ഞു. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത് മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ആണുള്ളത്. ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 60 പേരും മരണപ്പെട്ടയാളുടെ ബന്ധുവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 77 പേരുമാണ് ഉള്ളത്. നിപ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു.
നിപയുമായി ബന്ധപ്പെട്ട് മരുതോങ്കരയിലും ആയഞ്ചേരിയിലും ആയി 313 വീടുകളില്‍ സര്‍വേ നടത്തി. മരുതോങ്കരയില്‍ രണ്ട് പേര്‍ക്കും ആയഞ്ചേരിയില്‍ നാല് പേര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കാള്‍ സെന്ററില്‍ ഇതുവരെ 326 ഫോണ്‍ കോളുകള്‍ ലഭിച്ചു. 311 പേര്‍ വിവരങ്ങള്‍ അറിയാനും നാല് പേര്‍ സ്വയം കേസ് റിപ്പോര്‍ട്ട് ചെയ്യാനുമാണ് കാള്‍ സെന്ററുമായി ബന്ധപ്പെട്ടതെന്നും ജില്ലാ ഭരണകൂടം വാര്‍ത്താക്കുറിപ്പില് അറിയിച്ചു.
നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡ്, ഇന്‍ഫ്ളുവന്‍സ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സര്‍വെയലന്‍സ് ആന്റ് ടെസ്റ്റിംഗ്, ലോജിസ്റ്റിക്സ്, പരിശീലനം, ബോധവല്‍ക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിക്കും.
രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പത്ത് ദിവസത്തേക്കാണ് താത്കാലിക നിയന്ത്രണങ്ങള്‍. ഉത്സവങ്ങള്‍ പള്ളിപ്പെരുന്നാള്‍ എന്നിവ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. ഇതിനായി പോലീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. കലാകായിക മത്സരങ്ങള്‍ സാംസ്‌കാരിക പരിപാടികള്‍, പൊതുയോഗങ്ങള്‍ എന്നിവ മാറ്റിവയ്ക്കാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.