KERALA

ഏകോപനമില്ലാത്ത അറ്റകുറ്റപ്പണി, കുടിവെള്ളംമുട്ടി തലസ്ഥാന നിവാസികള്‍; പരസ്പരം പഴിചാരി അധികൃതര്‍

അറ്റകുറ്റപ്പണികള്‍ ഏകോപിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടാക്കിയതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തുറന്നുസമ്മതിച്ചു

വെബ് ഡെസ്ക്

ഏകോപനമില്ലാതെ പൈപ്പ് അറ്റകുറ്റപ്പണിക്കിറങ്ങിയ അധികാരികളുടെ നടപടിയില്‍ കുടിവെള്ളംമുട്ടി തലസ്ഥാന നഗരം. തിരുവനന്തപുരത്ത് റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ അറ്റകുറ്റപ്പണിയാണ് ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമായത്. രണ്ട് ദിവസമെന്നു പ്രഖ്യാപിച്ച് തുടങ്ങിയ പണി നാല് ദിവസത്തേക്ക് നീണ്ടതോടെ ദുരിതം ഇരട്ടിയായി. നഗരസഭയ്ക്കുമുന്നിലടക്കം പ്രതിഷേധം ശക്തമായതോടെ രാത്രി പത്തുമണിയോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ ഏകോപിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടാക്കിയതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തുറന്നുസമ്മതിച്ചു.

നാഗര്‍കോവില്‍ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റിസ്ഥാപിക്കേണ്ടി വന്നത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്‍ഡ് ഒഴിവാക്കണമെന്ന റെയില്‍വേയുടെ നിബന്ധനയെത്തുടര്‍ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎം ഡിഐ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം വന്നത്.

നാല്പത്തിയെട്ടു മണിക്കൂറിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാമെന്നായിരുന്നു കരുതിയത്. നിശ്ചയിച്ച സമയത്തിനുള്ളിൽ പണിപൂർത്തിയാക്കി വാൽവ് ഘടിപ്പിക്കുകയും ചെയ്തു, എന്നാൽ വെള്ളം കടത്തിവിട്ടപ്പോൾ പുതുതായി സംഘടിപ്പിച്ച വാൽവിൽ ചോർച്ചയുണ്ടായതാണ് പ്രശ്നം സങ്കീർണമാക്കിയത്. ചോർച്ചയില്ലാതാക്കാൻ വാൽവ് അഴിച്ച് വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു പോംവഴി. അതിനാകട്ടെ പൈപ്പിൽ നിറഞ്ഞ മുഴുവൻ വെള്ളവും ഒഴുക്കിവിടേണ്ടിയിരുന്നു. അങ്ങനെയാണ് പ്രശനം പരിഹരിക്കാൻ ഇത്രയും കാലതാമസമുണ്ടായത്.

സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ നഗരത്തിൽ കുടിവെള്ളം മുടങ്ങുമെന്നായിരുന്നു ജലഅതോറിറ്റി അറിയിച്ചത്. എന്നാൽ പകരം സംവിധാനം ഒരുക്കാത്തതും അറ്റകുറ്റപ്പണി കരുതിയതിനേക്കാളും സമയം നീണ്ടുപോയതും പ്രശ്നങ്ങൾ ഗുരുതരമാക്കി. എട്ടിനും കുടിവെള്ളപ്രശ്നം പരിഹരിക്കാൻ സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.

രണ്ടാമത് വാൽവ് മാറ്റുന്നതിന് പൈപ്പിലെ വെള്ളം നീക്കാൻ മാത്രം ഏഴു മണിക്കൂറോളമെടുത്തു. പ്രവൃത്തി നീണ്ടുപോകുന്നതിന് ഇതാണ് പ്രധാനകാരണമായത്. തുടര്‍ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ചു. വാല്‍വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്‍ത്തിയാക്കി. ദ്രൂതഗതിയില്‍ ജോലി തീര്‍ക്കുന്നതിന്റെ ഭാഗമായി ഇരുവശത്തുനിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്‍മെന്റില്‍ മൂന്നു സെന്റിമീറ്റര്‍ വ്യത്യാസം വന്നു. ഇതു പരിഹരിക്കുന്നതിന് മണ്ണു നീക്കം ചെയ്ത് ലെവല്‍ ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്ത് വാല്‍വ് ഘടിപ്പിക്കുകയായിരുന്നു.

മുൻകൂട്ടി കാണാൻ സാധിക്കാത്ത ചില തടസങ്ങൾ കാരണമാണ് പൈപ്പ് മാറ്റിവെയ്ക്കുന്ന ജോലി നീണ്ടുപോയതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രതിസന്ധി അറിഞ്ഞയുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മന്ത്രി വി ശിവൻകുട്ടി, ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അതിനിടെ, നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാളഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ചയിലെ പരീക്ഷകൾ മറ്റൊരു ദിവസത്തേക്കു മാറ്റും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജല ലഭ്യത പ്രശ്നമുള്ള അങ്കണവാടികളിൽ നാളെ (സെപ്റ്റംബർ 9) റെഗുലർ പ്രീസ്കൂൾ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ അങ്കണവാടികൾ തുറന്നിരിക്കണം. രക്ഷകർത്താക്കൾക്ക് അവശ്യമെങ്കിൽ കുട്ടികളെ പ്രവേശിപ്പിക്കാം. സപ്ലിമെന്ററി ന്യൂട്രീഷ്യൻ നൽകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം