വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നാലാം ദിവസം ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നിരാശയുടെയും ദിനമായി. വനത്തില്‍ ഒറ്റപ്പെട്ട ഒരു കുടുംബത്തെ കണ്ടെത്തി എന്നതായിരുന്നു ഈ ദിനത്തിലെ ആശ്വാസ വാര്‍ത്ത. പടവെട്ടിക്കുന്ന് വെള്ളാര്‍മലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് കരസേന വക്താവാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. ദുരന്തം ബാധിക്കാത്ത മേഖലയിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
ദുരന്തമേഖലയില്‍ ജീവനോടെ ആരും ബാക്കിയില്ലെന്ന് സര്‍ക്കാര്‍ പോലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഒറ്റപ്പട്ടുകിടന്ന കുടുംബത്തെ കണ്ടെത്തിയത്. ഇതിനിടെ അത്യാധുനിക സാങ്കേതിത വിദ്യകളുടെ സഹായത്താല്‍ തിരച്ചില്‍ ദൗത്യവും പുരോഗമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും പ്രതീക്ഷയുടെ അടുത്ത വാര്‍ത്തയെത്തി. അപ്പര്‍ മുണ്ടക്കൈ മേഖലയില്‍ തകര്‍ന്ന വീടിന് സമീപത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തി എന്നായിരുന്നു ആ വാര്‍ത്ത. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയിലായിരുന്നു ജീവന്റെ സാന്നിധ്യം കണ്ടെത്തിയത്.
വൈകിട്ട് അഞ്ചരയോടെയായിരുന്നു ഈ സൂചന ലഭിച്ചത്. ഇതോടെ തിരച്ചില്‍ ദൗത്യം ഈ ഭാഗത്തേക്ക് കേന്ദ്രീകരിച്ചു. അപകടകരമായ മേഖലയില്‍ അതിസൂക്ഷ്മമായി നടത്തിയ തിരിച്ചിലിന് ഒടുവില്‍ അത് മനുഷ്യ സാന്നിധ്യമല്ലെന്ന് ആദ്യം നിഗമനത്തിലെത്തി. ഒരു ഘട്ടത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ ലഭിച്ച സിഗ്നലിലെ ശ്വസനഗതി ചെറു ജീവിയുടേതല്ലെന്ന സംശയം ഉയര്‍ന്നതോടെ പരിശോധന രാത്രിയിലേക്ക് നീണ്ടു. ഒടുവില്‍ വിശദപരിശോധയിലും നിരാശയായിരുന്നു ഫലം. കണ്ടെത്തിയ സിഗ്നല്‍ പാമ്പിന്റെയോ തവളയുടേതോ ആയിരിക്കാം എന്നായിരുന്നു ഒടുവില്‍ വിദഗ്ധര്‍ നല്‍കിയ വിശദീകരണം.
അതേസമയം, നാലാം ദിനത്തില്‍ നടത്തിയ തിരച്ചിലില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാറിന്റെ തീരങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലാം ദിനത്തില്‍ മരണ സംഖ്യ മുന്നൂറ് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് - 210 മരണങ്ങളാണ്. ഇതില്‍ 96 പുരുഷന്‍മാരും, 85 സത്രീകളും, 29 കുട്ടികളും ഉള്‍പ്പെടുന്നു. 146 മൃതദേഹങ്ങള്‍ ബന്ധുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീര ഭാഗങ്ങളും കണ്ടെത്തി.
207 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതായും കണക്കുകള്‍ പറയുന്നു. 134 ശരീര ഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 62 മൃതദേഹങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 27 മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 491 പേരാണ് ദുരന്ത പ്രദേശത്ത് നിന്ന് എത്തിച്ച് ആശുപത്രികളില്‍ കഴിയുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ 84 പേരാണ് ചികിത്സയിലുള്ളത്. 198 പേര്‍ വിവിധ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.
നിലവില്‍ ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ച് അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളിലായിരുന്നു ഇന്നത്തെ തിരച്ചില്‍. സേനാ വിഭാഗങ്ങളും പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും നേതൃത്വം നല്‍കുന്ന തിരച്ചിലില്‍ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം.
ഇന്ത്യന്‍ സേനയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ് എന്നിവയില്‍ നിന്നായി 640 പേരാണ് തിരച്ചിലില്‍ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങള്‍), വനം വകുപ്പ് (56), സിവില്‍ ഡിഫന്‍സ് വിഭാഗം അടക്കം സംസ്ഥാന ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് (460), പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (64), തമിഴ്‌നാട് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡ് (15), പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തിന്റെ ഭാഗമാണ്.
വൈദ്യസേവനം നല്‍കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കല്‍ സര്‍വീസസിനും പുറമെ തമിഴ് നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്.
68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ദൗത്യത്തിന് ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഡ്രോണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള റഡാറും ഉടനെ വിന്യസിക്കും. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ പോലീസിന്റെയും നീന്തല്‍ വിദഗ്ധരുടെയും നേതൃത്വത്തില്‍ മുന്നേറുന്നു.
ഇന്ന് ജീവന്റെ തുടിപ്പ്കണ്ടെത്തിയ തെര്‍മല്‍ ഇമേജിംഗ് റഡാറിന് പുറമെ ഹ്യൂമന്‍ റെസ്‌ക്യു റഡാറും തിരച്ചില്‍ ഉണ്ടായിരുന്നു. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് 16 അടി താഴ്ച്ചയില്‍ വരെ സിഗ്‌നലുകള്‍ കണ്ടെത്താനാകും. 40 സെ.മീ കനമുള്ള കോണ്‍ക്രീറ്റ് പാളികളിലൂടെ പോലും റഡാര്‍ സിഗ്‌നലുകള്‍ കടന്നു പോകും. കൃത്യമായി സ്ഥാനനിര്‍ണയം നടത്തുമെന്നതിനാല്‍ തിരച്ചില്‍ കേന്ദ്രീകൃതമാക്കാനും റഡാര്‍ സഹായകമാണ്.