KERALA

'ഗാഡ്‌ഗില്‍, കസ്തൂരിരംഗൻ റിപ്പോർട്ടുകള്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍അവഗണിച്ചു'; വയനാട് ദുരന്തത്തില്‍ വിമർശനവുമായി ബോംബെ ഹൈക്കോടതി ജസ്റ്റിസ്

വെബ് ഡെസ്ക്

പശ്ചിമഘട്ടത്തിന്റെ പ്രധാന ഭാഗങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നിഷ്ക്രിയത്വം കാണിച്ചതായി ബോംബെ ഹൈക്കോടതി ജസ്റ്റിസ് സോമശേഖർ സുന്ദരേശൻ. പശ്ചിമഘട്ടത്തിന്റെ 70 ശതമാനവും പരിസ്ഥിതി ലോല പ്രദേശമാണെന്ന് 2011ല്‍ ഗാഡ്‌ഗില്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. രണ്ടു വർഷത്തിനുശേഷം ഗാഡ്‌ഗില്‍ റിപ്പോർട്ട് വിശകലനം ചെയ്ത കസ്തൂരിരംഗൻ കമ്മിറ്റി, പരിസ്ഥിതി ലോലപ്രദേശം 37 ശതമാനത്തിലേക്ക് ചുരുക്കിയിരുന്നു.

ഈ രണ്ട് റിപ്പോർട്ടുകളിന്മേലും നടപടിയുണ്ടായിട്ടില്ലെന്നും അതിനുള്ള സമയം അതിക്രമിച്ചതായും ജസ്റ്റിസ് സോമശേഖർ കുറ്റപ്പെടുത്തി. നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ വയനാട് ദുരന്തം ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസ് സോമശേഖറിന്റെ വാക്കുകള്‍.

കുമരകത്ത് നടന്ന കോമണ്‍വെല്‍ത്ത് ലീഗല്‍ എജൂക്കേഷൻ അസോസിയേഷന്റെ 'ലോ ആൻഡ് ടെക്നോളജി: സസ്റ്റൈനബിള്‍ ട്രാൻസ്പോർട്ട്, ടൂറിസം ആൻഡ് ടെക്നോളജിക്കല്‍ ഇന്നവേഷൻസ്' അന്താരാഷ്ട്ര കോണ്‍ഫറൻസില്‍ സംസാരിക്കവെയായിരുന്നു ജസ്റ്റിസ് സോമശേഖർ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ മാസം സംഭവിച്ച അങ്കോള മണ്ണിടിച്ചില്‍, 2023ലെ റായ്‌ഗഡ് മണ്ണിടിച്ചില്‍, ഭീമാശങ്കറിലെ പ്രവേശനനിരോധനം, ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വിള്ളല്‍ എന്നിവയെല്ലാം പ്രസംഗത്തില്‍ ജസ്റ്റിസ് സോമശേഖർ ഉദാഹരിച്ചു.

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തില്‍ 420 പേരാണ് ഇതുവരെ മരിച്ചത്. 118 പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം.

അതേസമയം, ദുരിതബാധിതർക്ക് സർക്കാർ നല്‍കിയ അടിയന്തര ധനസഹായത്തില്‍നിന്ന് പിടിച്ച വായ്പത്തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാനതല ബാങ്ക്സമിതി അറിയിച്ചു. കല്‍പ്പറ്റ ഗ്രാമീണ ബാങ്കാണ്, സർക്കാർ നൽകിയ പതിനായിരം രൂപയിൽനിന്ന് വായ്പത്തുക തിരിച്ചുപിടിച്ചത്.

ബാങ്കിന് മുന്നില്‍ ഡിവൈഎഫ്ഐയുടെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ദുരിതബാധിതരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് ബാങ്കേഴ്‌സ് സമിതി നിർദേശം നല്‍കിയതായാണ് വിവരം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും