KERALA

തകര്‍ന്നടിഞ്ഞ് ചൂരല്‍മല, ഒറ്റപ്പെട്ട് മുണ്ടക്കൈ; 122 മരണം, ഉറ്റവരെകാത്ത് ഒരു നാട്

സൈന്യവും ഫയർഫോഴ്സും മറ്റ് ഏജൻസികളും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. വൈകീട്ടോടെ വ്യോമസേനയുടെ ഹെലികോപ്റ്റർ പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്തു.

വെബ് ഡെസ്ക്

കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. ആറ് മണിവരെയുള്ള കണക്കനുസരിച്ച് 120 പേരാണ് മരിച്ചത്. 90 പേരെയെങ്കിലും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ എത്രപേരെ 48 പേരെ മാത്രമെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. കിട്ടിയ മൃതദേഹങ്ങളില്‍ ഏഴെണ്ണം കുട്ടികളുടെതാണ്. വൈകിട്ടോടെ ചൂരല്‍മലയില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സാഹസികമായി ലാന്റ് ചെയ്തു. അപകടകത്തില്‍പ്പെട്ടവരില്‍ ചിലരെ മാറ്റി തുടങ്ങി. മുണ്ടക്കെയില്‍ താല്‍ക്കാലിക പാലവും നിര്‍മ്മിച്ചു. പാലത്തിലൂടെ ആളുകളെ ചൂരൽ മലയിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായത്. . ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലേക്കുള്ള പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിക്കാനായതും വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ ഇറക്കാനായതുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഗുണം ചെയ്തത്. ആറുമണിയോടെയാണ് ചുരല്‍മലയിലെ തകര്‍ന്ന റോഡിന് സമീപം വ്യോമസേന ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പോസ്റ്റ്മോർട്ടം ഒഴിവാക്കി തരണമെന്ന ആവശ്യവും മരിച്ചവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, അപകടം നടന്ന് 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ 119 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 46 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ രണ്ടിനും നാലിനുമിടയിലുണ്ടായ ഉരുള്‍പൊട്ടലാണ് മുണ്ടക്കൈ മുതല്‍ ചൂരല്‍മല വരെയുള്ള പ്രദേശത്തെ തകര്‍ത്തെറിഞ്ഞ് കടന്നുപോയത്.

മൂടൽമഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. നൂറിലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ റിസോർട്ടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന നിരവധി പേർ സഹായ അഭ്യർഥനകളുമായി മാധ്യമങ്ങളിലേക്ക് ബന്ധപ്പെടുകയാണ്.

മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ മാത്രം നാല്പതിലധികവും വിംസ് ആശുപത്രിയില്‍ എട്ട് മൃതദേഹങ്ങളുമുണ്ട്. ചാലിയാറില്‍ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

ചൂരൽ മല കൺട്രോൾ റൂം സെൻ്ററിൽ മന്ത്രിമാരും സംഘവും

മുണ്ടക്കൈ പ്രദേശത്തെ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. പ്രദേശവാസികള്‍ പലരും മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടിയിരിക്കുക്കയാണ്. പലവീടുകളിലുള്ളവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ചവരില്‍ നാല് കുട്ടികളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ഉരുള്‍പ്പൊട്ടിയ മുണ്ടക്കൈ മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നതും മലവെള്ളപ്പാച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യത നിലനില്‍ക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. നിലവില്‍ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം മേഖലയില്‍ എത്തിച്ചേരുക വലിയ പ്രയാസമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

വയനാട് ജില്ലയിലെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ ശീരാം സാംബശിവ റാവുവിനെ സ്‌പെഷല്‍ ഓഫിസറായി സര്‍ക്കാര്‍ നിയമിച്ചു.

നിലവില്‍ രണ്ട് എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ഒരു സംഘം കൂടി ഉടന്‍ സ്ഥലത്തെത്തും. ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സിന്റെ രണ്ട് ടീമുകളെ കൂടി വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ക്ക് കോഴിക്കോട് വരെ മാത്രമാണ് എത്താനായത്. മിലിറ്ററി എൻജിനീയറിങ് ടീമിന്റെ ഒരു വിങ് എത്തിയിട്ടുണ്ട്. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് ഉടനെത്തും.

കണ്ണൂര്‍ ഡി എസ് സി യില്‍ നിന്ന് ആറ് ഓഫീസ്ര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ട്രക്കും ആംബുലന്‍സും സംഘത്തോടൊപ്പം ഉണ്ട്. മുണ്ടക്കൈ , അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ്, മദ്രാസ് രജിമെന്റ്, ഡിഫന്‍സ് സര്‍വ്വീസ് കോപ്‌സ്, സന്നദ്ധ സേനങ്ങള്‍ ഉള്‍പ്പെടെ വടവും ഡിങ്കി ബോട്ട്‌സും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനംനടത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

സൈന്യം രക്ഷാപ്രവർത്തനത്തിൽ

വട്ടമല, ചുരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ദുരന്തമേഖലകളിലേക്കു 12 മണിക്കൂറിനുശേഷമാണു സൈന്യത്തിനും ഫയര്‍ഫോഴ്‌സിനും എത്താനായത്. ചൂരല്‍മലയില്‍ അല്‍പ്പം മുമ്പാണ് ഫയര്‍ഫോഴ്‌സിന് എത്തിപ്പെടാനായത്. സൈന്യം മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്. ഇവിടെ വീണ്ടും മഴ തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

മുണ്ടക്കൈ, മട്ടമല വാര്‍ഡുകളില്‍ നിന്ന് നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശത്തെ ജനപ്രതിനിധികള്‍ നല്‍കുന്ന സൂചനകള്‍. ഇതിനു പുറമെ ഇതര സംസ്ഥാന തൊഴിലാളികളും വിനോദ സഞ്ചാരികളും ദുരന്തത്തില്‍ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മലവെള്ളം കുത്തിയൊലിച്ചുന്ന പുഴയുടെ ഇരുകരകളും പാടെ തകര്‍ന്നിട്ടുണ്ട്. ഇവിടെ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളികളില്‍ ഒന്നാണ്.

അതിനിടെ, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സഹായങ്ങള്‍ തേടി ജില്ലാ ഭരണകൂടം രംഗത്തെത്തി. വയനാട് ജില്ലാ കളക്ടറാണ് സോഷ്യല്‍ മീഡിയയിലൂടെ വയനാടിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തത്. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കള്‍ എത്തിക്കാനാണ് നിര്‍ദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.

ഒലിച്ചൊഴുകിയ ഭൂമിയിൽ രക്ഷാപ്രവർത്തകർ

തമിഴ്നാട് ദുരന്തം നേരിടാൻ അഞ്ചുകോടിയുടെ സഹായം പ്രഖ്യാപിച്ചു. ദുരന്തം നേരിടാൻ കേരളത്തിനൊപ്പം നിൽക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ