KERALA

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ; ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കണ്‍ട്രോള്‍ റൂമില്‍ എല്‍പ്പിക്കണം

വെബ് ഡെസ്ക്

മുണ്ടക്കൈ - ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചില്‍. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്‍ഡിആര്‍എഫ്, കെ - 9 ഡോഗ് സ്‌ക്വാഡ്, ആര്‍മി കെ - 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, മെഡിക്കല്‍ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെല്‍റ്റ സ്‌ക്വാഡ്, നേവല്‍, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തിരച്ചില്‍ നടത്തിയത്. പരിശോധനയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.

പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് പരിസരം, സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോള്‍ഡറും മിസിങ് കേസ് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സമിതി അറിയിച്ചു.

ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകള്‍ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങള്‍ നഷ്ടമായവര്‍ ഉള്‍പ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നല്‍കുന്നതിന് ആളുകള്‍ പോകരുത്. ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു.

അതേസമയം, വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.

ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപ്പറ്റണം ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് കൈമാറണം.

ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ടെലി മനസിന്റെ സഹായത്തോടെ ആവശ്യമായ സേവനം നല്‍കാന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിങ്ങിന് അതേ കൗണ്‍സിലറുടെ തന്നെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭവന സന്ദര്‍ശനം നടത്തുന്ന സൈക്കോസോഷ്യല്‍ ടീമില്‍ ഫീല്‍ഡ്തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവനക്കാര്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളെടുക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാന തിരച്ചില്‍ മേഖലകളില്‍ പെട്ടെന്ന് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് രണ്ട് പുതിയ ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു. മുണ്ടക്കൈയിലും ചൂരല്‍മലയിലെ ബെയ്ലി പാലത്തിനടുത്തുമാണ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. വിവിധ രോഗങ്ങളുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സ ഉറപ്പാക്കി വരുന്നു. പാലീയേറ്റീവ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. രോഗികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ള ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കും. എല്ലാ ക്യാമ്പുകളിലും സ്വകാര്യത ഉറപ്പുവരുത്തുന്ന മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വനിത ശിശുവികസന വകുപ്പ് പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 147 ആബുലന്‍സുകള്‍ സജ്ജമാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി 115 ഫ്രീസറുകള്‍ അധികമായുണ്ട്. 219 മൃതദേഹങ്ങളും 150 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 366 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തി.

ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ ഷിഫ്റ്റടിസ്ഥാനത്തില്‍ കൃത്യമായി സേവനമനുഷ്ഠിക്കണം. ക്യാമ്പുകളില്‍ ജീവനക്കാര്‍ മാസ്‌ക് ധരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ