KERALA

വയനാട് ദുരന്തം: നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി, ഒരാള്‍ക്ക് പരുക്ക്; കണ്ടെത്തിയത് പടവെട്ടിക്കുന്നില്‍നിന്ന്

വെബ് ഡെസ്ക്

വയനാട്ടിൽ മൂന്നൂറിലേറെ പേരുടെ ജീവൻ കവർന്ന ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇക്കാര്യം കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.

കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. ദുരന്തം ബാധിക്കാത്ത മേഖലയിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. നാല് പേരെയും ബന്ധുവീട്ടിലേക്ക് അയച്ചതായും അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറിയിച്ചു. ഉരുള്‍പൊട്ടലിന്റെ നാലാം നാളാണ് രക്ഷപ്പെടുത്തല്‍.

കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണോ ഇവരെന്നതില്‍ വ്യക്തതയില്ല. ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

40 ടീമുകളായി തിരഞ്ഞ് ആറ് മേഖലകളിലായി നടത്തിയ വ്യാപക തിരച്ചിലിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപക തിരച്ചില്‍.

അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ഭാഗമാണ് ആറാമത്തെ സോണ്‍.

ദുരന്തം ബാധിക്കാത്ത മേഖലകളില്‍ ഇപ്പോഴും ആളുകള്‍ കഴിയുന്നുണ്ടെന്നു മേജർ ജനറല്‍ വി ടി മാത്യു അറിയിച്ചു. ഇവരയെല്ലാം ദുരന്തമേഖലയുടെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. വിസമ്മതിക്കുന്നവരുണ്ടെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുമെന്നും മേജർ ജനറല്‍ കൂട്ടിച്ചേർത്തു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും