KERALA

ഒലിച്ചുപോയത് 86,000 ചതുരശ്ര മീറ്റർ ഭൂമി; അവശിഷ്ടങ്ങള്‍ ഒഴുകിയത് എട്ട് കിലോമീറ്റർ, ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആർഒ

വെബ് ഡെസ്ക്

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റർ ഭൂമി ഒലിച്ചുപോയതായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഉരുള്‍പൊട്ടലിന് മുൻപും ശേഷവുമുള്ള ചൂരല്‍മലയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഐഎസ്ആർഒയുടെ നാഷണല്‍ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസ്‌സി) പുറത്തുവിട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം എട്ട് കിലോ മീറ്ററോളം ഒഴുകിയെത്തിയതായും ഐഎസ്ആർഒ വ്യക്തമാക്കുന്നു.

പഴയ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിന്റെ അടുത്തു തന്നെയാണ് ഇത്തവണത്തെ ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനവും. സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റർ ഉയരത്തിലാണിത്. കനത്ത മഴയാണ് ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങളുടെ വേഗത്തിലുള്ള ഒഴുക്കിന് കാരണമായതെന്നും ഐഎസ്ആർഒ ചൂണ്ടിക്കാണിക്കുന്നു.

"ക്രൗണ്‍ സോണ്‍ പണ്ടുണ്ടായ മണ്ണിടിച്ചിലിന്റെ അതേ സ്ഥാനം തന്നെയാണ്. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഇരുവഞ്ഞിപ്പുഴ കരകവിയുന്നതിന് കാരണമായി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്," എൻആർഎസ്‌സി വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് നാല് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇക്കാര്യം കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.

കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ദുരന്തം ബാധിക്കാത്ത മേഖലയിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. നാല് പേരെയും ബന്ധുവീട്ടിലേക്ക് അയച്ചതായും അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറിയിച്ചു. ഉരുള്‍പൊട്ടലിന്റെ നാലാം നാളാണ് രക്ഷപ്പെടുത്തല്‍.

40 ടീമുകളായി തിരഞ്ഞ് ആറ് മേഖലകളിലായി നടത്തിയ വ്യാപക തിരച്ചിലിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപക തിരച്ചില്‍.

അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും. വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ഭാഗമാണ് ആറാമത്തെ സോണ്‍.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും