വയനാട് ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ചൊവ്വാഴ്ച തന്നെ ദുരന്തത്തിന്റെ മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നു, എന്നാൽ കേരളം എന്ത് ചെയ്തു എന്നാണ് അമിത് ഷാ രാജ്യസഭയിൽ ചോദിച്ചത്. ജൂലൈ 23നുതന്നെ എൻഡിആർഎഫ് സംഘത്തെ കേരളത്തിലേക്കയച്ചിരുന്നു, എന്നാൽ സർക്കാർ ആവശ്യമായ മുൻകരുതലുകളെടുത്തില്ല എന്നാണ് അമിത്ഷാ രാജ്യസഭയിൽ പറഞ്ഞത്.
കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാകുമെന്ന് ഒഡിഷ, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് കേരളം കാര്യമായെടുത്തില്ല എന്നാണ് അമിത് ഷാ കുറ്റപ്പെടുത്തുന്നത്. വിഷയം ഗൗരവതരമായി പരിഗണിച്ച മറ്റു സംസ്ഥാനങ്ങളിൽ മരണം കേവലം ഒന്ന് മാത്രമായി ചുരുക്കാൻ സാധിച്ചു എന്നും അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഈ മുന്നറിയിപ്പുണ്ടായിരുന്നു, എന്നാൽ ചിലർ ഇന്ത്യൻ വെബ്സൈറ്റുകൾ നോക്കില്ല വിദേശ വെബ്സൈറ്റുകൾ മാത്രമേ നോക്കൂ എന്നും അമിത് ഷാ വിമർശിക്കുന്നു.
രാജ്യസഭയിൽ ഒരുമണിക്കൂറോളം വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു അതിലിടപെട്ടുകൊണ്ടാണ് അമിത് ഷാ കേരളത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 23ന് കേന്ദ്രം കേരളത്തിനയച്ച കത്തിൽ കനത്ത മഴയും മണ്ണിടിച്ചിലും പ്രളയവുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതാണ് ഇത്രയും വലിയ ദുരന്തന്തിന് കാരണമെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്.
കേരളത്തിലെ ഈ സാഹചര്യം മുന്നിൽ കണ്ട് ജൂലൈ 23ന് തന്നെ എൻഡിആർഎഫിന്റെ ഒൻപത് ബെറ്റാലിയനെ കേരളത്തിലേക്ക് അയച്ചിരുന്നു എന്നും അമിത് ഷാ വിശദീകരിക്കുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി വ്യത്യസ്ത സേനാവിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് ഈ വാർത്ത തയ്യാറാകുന്ന ഉച്ചയ്ക്ക് 2.30ന് 180 ആണ് മരണസംഖ്യ. കാണാതായവരുടെ എണ്ണം 225.