ഉറ്റവരെയും ഉടയവരെയും ഉരുളെടുത്തപ്പോള്‍ ഒറ്റരാത്രി കൊണ്ട് അനാഥരായ നിരവധി കുഞ്ഞുങ്ങളുണ്ട് വയനാട്ടിലെ ക്യാമ്പുകളില്‍. അവരെ സ്വീകരിക്കാന്‍ തയ്യാറായി പലരും വരുന്നുമുണ്ട്. സോഷ്യല്‍ മീഡിയയിലെ കമന്‌റുകള്‍ക്ക് പുറമേ നിരവധി ഫോണ്‍ വിളികളാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ അധികൃതര്‍ക്ക് ലഭിക്കുന്നത്. ദുരന്തമുഖത്ത് ഒറ്റപ്പെട്ടു പോകുന്ന കുഞ്ഞുങ്ങളെ എങ്ങനെ ദത്തെടുക്കാം? സന്നദ്ധരായ എല്ലാവര്‍ക്കും കുഞ്ഞുങ്ങളെ ലഭിക്കുമോ? ബന്ധുക്കളെ ഏല്‍പ്പിക്കുന്നതിനും നടപടിക്രമങ്ങളുണ്ടോ? എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍?
കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി അഥവാ കാരയുടെ വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യഘട്ടമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ ഗോപി ദ ഫോര്‍ത്തിനോട് പറഞ്ഞു. യോഗ്യതയുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണ് കുഞ്ഞുങ്ങളെ ദത്ത് നല്‍കുക. ആറ് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കാര നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
ആറ് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കാര നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആറ് വയസിന് മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കായി ഫോസ്റ്റര്‍ കെയറിനാണ് അപേക്ഷ നല്‍കേണ്ടത്
പ്രകൃതിദുരന്തങ്ങളില്‍ അനാഥരാകുന്നവരെ അബാൻഡൻഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാകും ദത്തുനല്‍കുക (അമ്മ തൊട്ടിലില്‍ ഉപേക്ഷിച്ച് കിട്ടുന്ന കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തുന്ന കാറ്റഗറി ). ആറ് വയസിന് മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കായി ഫോസ്റ്റര്‍ കെയറിനാണ് അപേക്ഷ നല്‍കേണ്ടത്. ഫോസ്റ്റര്‍ കെയറിനായി ഡിസിപി (സ്‌പെഷലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി) മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ കുഞ്ഞുങ്ങളുള്ളവര്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ചാലുടന്‍ ഹോം സ്റ്റഡി നടത്തി തൃപ്തികരമെങ്കില്‍ കുഞ്ഞിനെ കൈമാറും. രണ്ടു വര്‍ഷത്തിനുശേഷം കുട്ടിക്ക് അവര്‍ക്കൊപ്പം തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം കോടതിയെ സമീപിച്ച് ദത്തെടുക്കലിനായി അപേക്ഷിക്കാം.
വിവാഹിതരല്ലാത്തവര്‍ക്ക് ദത്തെടുക്കാമോ?
വിവാഹിതരല്ലാത്തവര്‍ക്കും ദത്തെടുക്കലിന് അപേക്ഷ നല്‍കാം. കേരളത്തിലെ മാനദണ്ഡപ്രകാരം രണ്ടരലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള, കുഞ്ഞിനെ നോക്കാന്‍ ചുറ്റുപാടുള്ളവര്‍ക്ക് കാരയില്‍ രജിസ്റ്റര്‍ ചെയ്യാം.
ബന്ധുക്കള്‍ക്ക് എങ്ങനെ ഏറ്റെടുക്കാം?
റിലേറ്റീവ്‌സ് അഡോപ്ഷന്‍ കാറ്റഗറിയില്‍ അപേക്ഷ നല്‍കിയാണ് ബന്ധുക്കള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കേണ്ടത്. കാരയില്‍ ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്.
ആദ്യം പുനരധിവാസം; പിന്നീട് ദത്ത്
വയനാട്ടില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസവും പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ഞുങ്ങളെ ദത്ത് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു സര്‍ക്കാര്‍ കടക്കുക. രക്ഷപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചുള്ള വിവരശേഖരണമാണ് ആദ്യഘട്ടം.
അനാഥരായിപ്പോയ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ആലോചിക്കുന്നവര്‍ ആദ്യം കാരയില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത് മാത്രമാണ് മുന്നിലുള്ള മാര്‍ഗം. കൂടുതല്‍ വിവരങ്ങള്‍ക്കായി https://cara.wcd.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.