വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ വീടും സ്വത്തും നഷ്ടപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനുള്ള വീടുകള്‍ക്കുള്ള വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രുപ വരെയാണ് വീട്ടുവാടകയ്ക്കായി അനുവദിക്കുക. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും തുകയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ - പൊതു ഇടങ്ങള്‍, സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പണം ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അതിനിടെ, ദുരന്തത്തില്‍ കാണാതായവർക്കായി നടക്കുന്ന തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ ഇന്ന് കൂടി കണ്ടെത്തി. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്ന് കണ്ടെടുത്ത ഭാഗങ്ങൾ മനുഷ്യരുടേതാണോ എന്ന് സ്ഥിരീകരണമില്ല. അതേസമയം, ഇതുവരെ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധനകൾ പൂർത്തിയായിട്ടുണ്ട്.
മുണ്ടക്കൈ - ചൂരൽമല ദുരന്ത പ്രദേശങ്ങളിൽ 260 സന്നദ്ധ പ്രവർത്തകരാണ് ചൊവ്വാഴ്ച സേനാ വിഭാഗങ്ങൾക്കൊപ്പം തിരച്ചിലിൽ പങ്കെടുത്തത്. നിലമ്പൂർ -വയനാട് മേഖലകൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തിരച്ചിലിൽ നടത്തുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ഇതിവരെ കണ്ടെത്തിയത്. മേപ്പാടിയിൽ നിന്നും 151 മൃതദേഹങ്ങളും നിലമ്പൂരിൽ നിന്നും 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയിൽ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരിൽ നിന്ന് 167 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു.
താത്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട് , വൈത്തിരി , കൽപ്പറ്റ , മുട്ടിൽ , അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്
ഡിഎൻഎ പരിശോധന നടത്തിയ 401 എണ്ണത്തിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നും കണ്ടെത്തി. 52 ശരീര ഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു. ചൂരൽമല പാലത്തിന് താഴ്ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ചാലിയാറിൽ ചൊവ്വാഴ്ചയും വിശദമായ തിരച്ചിൽ തുടർന്നു.
താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ നിലവിൽ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികൾ , മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
താത്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട് , വൈത്തിരി , കൽപ്പറ്റ , മുട്ടിൽ , അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരൽ മലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെയും നേതൃത്വത്തിൽ വാടക വീടുകൾക്ക് വേണ്ടി നാളെ അന്വേഷണം നടത്തും.
പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും. ദുരന്തബാധിതർക്ക് ക്യാമ്പുകളിൽ സജ്ജമാക്കിയ പ്രേത്യേക ക്യാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.