KERALA

ഒറ്റപ്പെട്ട് മുണ്ടക്കൈ, ചാലിയാർ പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു, നിസഹായരായി നാട്ടുകാർ; രക്ഷാപ്രവർത്തനം സാധ്യമാക്കാൻ സമാന്തര പാലം നിർമിക്കും

തൃശൂരില്‍നിന്ന് വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുള്ള എൻഡിആർഎഫ് ടീമുകളെ ഉപയോഗിക്കുന്നില്ല. കാരണം ഈ ജില്ലകളിലെല്ലാം ഇവരുടെ സേവനങ്ങള്‍ ആവശ്യമായ സാഹചര്യങ്ങളുണ്ട്

വെബ് ഡെസ്ക്

ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി വയനാട് മുണ്ടക്കൈയും ചൂരല്‍മലയും. 19 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനിയും ഉയരുമെന്നാണ് വിവരം. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തുന്നതിന് നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. എൻഡിആർഎഫ് ടീം ദുരന്തമേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പാലം തകർന്നതിനെത്തുടർന്ന് അങ്ങോട്ട് എത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

സമാന്തരമായുള്ള പാലം നിർമിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മുണ്ടൈക്കയിലെ ആളുകളെ ബന്ധപ്പെടാൻ ഇപ്പോള്‍ കഴിയുന്നുണ്ട്. പഞ്ചായത്ത് മെമ്പറായ നൂറുദ്ദീനും ഒരു പോലീസുകാരനുമാണ് ഇപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നത്.

എൻഡിആർഎഫിന്റെ രണ്ടാമത്തെ ടീം കൊല്ലത്തുനിന്ന് തിരിച്ചിട്ടുണ്ട്. അവർ എറണാകുളം കഴിഞ്ഞതായാണ് വിവരം. ഇതിനുപുറമെ ആർക്കോണത്ത് നിന്നും ബാംഗ്ലൂര് നിന്നും രണ്ട് എൻഡിആർഎഫ് ടീമുകളും തിരിച്ചിട്ടുണ്ട്. ഉച്ചയോടുകൂടി എല്ലാ സംവിധാനങ്ങളും ലഭ്യമാകുന്നപോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

തൃശൂരില്‍ നിന്ന് വടക്കോട്ടുള്ള ജില്ലകളില്‍ നിന്നുള്ള എൻഡിആർഎഫ് ടീമുകളെ ഉപയോഗിക്കുന്നില്ല. കാരണം ഈ ജില്ലകളിലെല്ലാം ഇവരുടെ സേവനങ്ങള്‍ ആവശ്യമായ സാഹചര്യങ്ങളുണ്ട്. നാദാപുരത്തും ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. മുണ്ടക്കൈ മലയുടെ താഴെയുള്ള മേഖലയാണ്. അവിടെ ബസാർ മേഖലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ചാലിയാറില്‍ നിന്ന മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. കൃത്യമായ കണക്ക് പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാണാതായവരുടെ എണ്ണം വ്യക്തമല്ലെന്നതാണ് മറ്റൊരു ആശങ്ക. ഇതുവരെ 53 പേരെയാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയെന്നതാണ് പദ്ധതിയെന്ന് വനം മന്ത്രി എ കെ ശശീന്ദൻ പറയുന്നത്.

മുണ്ടക്കൈ ഭാഗത്തുണ്ടായത് വൻ ദുരന്തമെന്ന് മുണ്ടക്കൈ പഞ്ചായത്ത് മെമ്പർ രാഘവൻ പറഞ്ഞു. മുണ്ടക്കൈയും ചൂരൽമലയും അടങ്ങുന്ന വലിയ ഒരു പ്രദേശം പാടെ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. ആളുകൾ ചളിയിൽ പുതഞ്ഞുകിടക്കുകയാണെന്നും ഒന്നും ചെയ്യാൻ സാധിക്കാതെ നിസഹായരായി നിൽക്കുകയാണു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈ ഭാഗം പൂർണമായും തകർന്നിരിക്കുകയാണെന്ന് പ്രദേശവാസിയായ ജിതിക പറഞ്ഞു. "മുൻപിൽ കാണുന്നത് മരുഭൂമി പോലെയാണ്. നൂറോളം പേർ ഒരു ബസ് സ്റ്റാൻഡിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. എന്നാൽ പുറകിൽ മലകളാണ്. ഏതു നിമിഷവും എന്തും സംഭവിക്കാം. വീടുകൾക്കുള്ളിൽ ധാരാളം പേർ കുടുങ്ങിക്കിടപ്പുണ്ട്. അവർക്ക് ജീവനുണ്ടോ എന്നറിയില്ല. അവരെ രക്ഷിക്കാൻ ആവാത്ത നിസഹാവസ്ഥയിലാണ്. രാത്രി ഒരുമണി മുതൽ രക്ഷക്കായി പലരെയും വിളിച്ച് കൊണ്ടിരിക്കുകയാണ്," ജിതിക പറഞ്ഞു.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി