വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിനത്തിൽ. 151 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും നാലു ശരീരഭാഗങ്ങളും കൂടി കണ്ടെത്തിയിരുന്നു. അതേസമയം നാളെ, സർക്കാർ പ്രതിനിധികൾ, കാണാതായവരുടെ ബന്ധുക്കൾ, അതിജീവിതർ തുടങ്ങി എല്ലാവരും പങ്കാളികളാവുന്ന ജനകീയ തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് കൂടുതൽ പരിശോധന നടത്തുക. ഇന്നലെ ഇവിടെ നിന്ന് മൃതദേഹഭാഗം കണ്ടെടുത്തിരുന്നു. പ്രത്യേകം മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരാനാണ് ഇന്ന് തീരുമാനം. സൈന്യത്തിന്റെ കെഡാവര്‍ നായ്ക്കളുടെ സഹായത്തോടെ മുന്‍പ് തിരച്ചില്‍ നടത്താത്ത സ്ഥലങ്ങളില്‍ കൂടി പരിശോധനകള്‍ നടക്കും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചാലിയാർ എന്നിവിടങ്ങളിലും പതിവ് തെരച്ചിൽ തുടരും.
അതേസമയം, ദുരന്ത പ്രദേശത്ത് നാശനഷ്ടം സംഭവിച്ച വസ്തുവകകളുടെ കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തുന്നതോടുകൂടി വയനാടിന് പ്രത്യേക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരം. ദുരന്ത മേഖലയും ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സര്‍ക്കാര്‍ സാധ്യമാക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം ആകെ 225 പേരാണ് ഇതുവരെ ഉരുൾപൊട്ടലിൽ മരിച്ചത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇത് 400 ൽ ഏറെയാണ്. ജനപ്രതിനിധികൾ, പോലീസ്, അഗ്നിരക്ഷാ സേന, വനംവകുപ്പ്, എൻ ഡി ആർ എഫ്, വിവിധ യുവജന, സന്നദ്ധ സംഘടനകൾ തുടങ്ങിയവരാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ നിലമ്പൂരില്‍ നിന്നുമാണ് ഒരു മൃതദേഹം കണ്ടെടുത്തത്. വയനാട്ടില്‍ നിന്ന് ഒന്നും നിലമ്പൂരില്‍ നിന്ന് മൂന്നും ശരീര ഭാഗങ്ങളും തെരച്ചില്‍ സംഘങ്ങള്‍ കണ്ടെടുത്തു. ഇതോടെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നിങ്ങനെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. ഇതുവരെ 192 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു.