KERALA

'ആ തുടിപ്പ് മനുഷ്യ ജീവന്റേതല്ല'; തിരച്ചില്‍ വിഫലം

വെബ് ഡെസ്ക്

ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാട് മുണ്ടക്കൈ - ചൂരല്‍മല മേഖലയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയില്‍ തെളിഞ്ഞ ജീവന്‍ തേടിയുള്ള പരിശോധന വിഫലം. രാത്രിയിലും തുടര്‍ന്ന പരിശോധനയില്‍ അവിടെ മനുഷ്യജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് രാത്രി ദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ജീവന്‌റെ തുടിപ്പ് രേഖപ്പെടുത്തിയെങ്കിലും അത് പാമ്പിന്റെയോ തവളയുടേതോ ആയിരിക്കാമെന്നാണ് ദൗത്യസേനാംഗങ്ങള്‍ അറിയിച്ചത്.

ഇന്ന് വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും റഡാറില്‍ ശ്വാസോച്ഛ്വാസം കണ്ടെത്തിയതോടെ അത് മനുഷ്യജീവന്‍ ആകാമെന്ന പ്രതീക്ഷയില്‍ രാത്രിയിലും പരിശോധന തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. തിരച്ചില്‍ ഊര്‍ജിതമാക്കാനായി ഫ്ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ളവ എത്തിച്ചിരുന്നു.

സേനാ വിഭാഗങ്ങളും പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും നേതൃത്വം നല്‍കിയ തിരച്ചിലില്‍ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം.

68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഹ്യൂമന്‍ റെസ്‌ക്യു റഡാറും സേനകള്‍ ഉപയോഗിക്കുന്നുണ്ട്. തെര്‍മല്‍ ഇമേജിംഗ്, റഡാര്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ച്ചയില്‍ വരെ സിഗ്‌നലുകള്‍ കണ്ടെത്താനാകും. 40 സെ.മീ കനമുള്ള കോണ്‍ക്രീറ്റ് പാളികളിലൂടെ പോലും റഡാര്‍ സിഗ്‌നലുകള്‍ കടന്നു പോകും. കൃത്യമായി സ്ഥാനനിര്‍ണയം നടത്തുമെന്നതിനാല്‍ തിരച്ചില്‍ കേന്ദ്രീകൃതമാക്കാനും റഡാര്‍ സഹായകമാണ്.

ദുരന്തമേഖയെയും സമീപ പ്രദേശങ്ങളെയും ആറ് സോണുകളായി തിരിച്ചായിരുന്നു ഇന്ന് സൈന്യം തിരച്ചില്‍ നടത്തിയത്. അട്ടമലയും ആറന്‍മലയുമാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരമാണ് ആറാമത്തെ സോണ്‍. സമുദ്രനിരപ്പില്‍നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. എട്ടുകിലോമീറ്ററുകളോളം ദൂരം പാറക്കെട്ടുകളും കൂറ്റന്‍ വൃക്ഷങ്ങളും ഒഴുകിയെത്തി. ഏകദേശം 86,000 ചതുരശ്ര മീറ്ററാണ് ദുരന്തമേഖലയായി കരുതുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും