വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് സംസ്‌കരിക്കും. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മാറ്റിയത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. സംസ്‌കാരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലമാണ് ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ 67 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്‌കരിക്കും. സര്‍വമത പ്രാര്‍ഥനയോടെ സംസ്‌കാരം നടത്താനാണ് തീരുമാനം.
വയനാട് ദുരന്തത്തിന്റെ ആറാം നാളായ ഇന്നും തിരച്ചില്‍ തുടരുകയാണ്. ഇതുവരെ ആകെ മരണം 365 ആയി. 219 പേരുടെ മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പേര്‍ പുരുഷന്മാരും 90 പേര്‍ സ്ത്രീകളുമാണ്. 31 കുട്ടികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 152 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇത് കൂടാതെ 147 ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 206 പേരെ കണ്ടെത്താന്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 518 പേരെ ആയിരുന്നു ദുരന്ത സ്ഥലത്തുനിന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ 88 പേരാണ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചരിമട്ടം പ്രദേശങ്ങളിലും ചാലിയാറിലും ഇന്നും വ്യാപകമായ തിരച്ചില്‍ നടത്താനാണ് തീരുമാനം.
അതേസമയം, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‌റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ചാലിയാറിന്‌റെ രണ്ടു ഭാഗങ്ങളിലായും മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലുമാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ഹ്യൂമന്‍ റസ്‌ക്യൂ റഡാര്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇന്ന് നടക്കുക. മണ്ണിനടിയിയില്‍ ആഴത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉള്‍പ്പെടെ കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ പുഴയിലും ഇന്ന് ആഴത്തിലുള്ള തിരച്ചില്‍ നടത്തും. പുഴയില്‍ രൂപം കൊണ്ട പുതിയ മണ്‍തിട്ടകള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടക്കുക.
ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. സർക്കാർ രേഖകൾ പ്രകാരം 218 ആണ് ഔദ്യോഗിക മരണസംഖ്യ. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സർവമത പ്രാർഥനയോടെ സംസ്കരിക്കാനും തീരുമാനമായിട്ടുണ്ട്. ചാലിയാറില്‍നിന്ന് ഇന്നല കണ്ടെത്തിയ 12 എണ്ണം ഉള്‍പ്പെടെ ഇന്നലെ 16 മൃതദേഹങ്ങളാണ് ലഭിച്ചത്. 93 ദുരിതാശ്വാസ ക്യാംപുകളിലായി 10,042 പേരുണ്ട്.