രാജ്യത്തെ നടുക്കി വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ അവലോകനം ചെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് സാധാരണയേക്കാള്‍ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുക, ഭാവിയില്‍ ദുരന്തങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്തര്‍ദേശീയ കൂട്ടായ്മയാണ് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍.
മലയോര ജില്ലയായ വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നതുമായ മണ്ണാണ്. ഇവിടങ്ങളില്‍ മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഒറ്റ ദിവസം പെയ്തിറങ്ങിയത് 146 മില്ലിമീറ്റര്‍ മഴയായിരുന്നു. ഈ കണക്ക് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മൂന്നാമത്തെ കനത്ത മഴയാണ്. മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ മണ്ണിടിച്ചില്‍ മഴ കൂടുതല്‍ തീവ്രമാക്കിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മലയോര ജില്ലയായ വയനാട്ടിലെ മണ്ണ് കേരളത്തിലെ ഏറ്റവും അയഞ്ഞതും മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നതുമായ മണ്ണാണ്. ഇവിടങ്ങളില്‍ മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മലയോര മേഖലകളിലെ നിര്‍മാണം, വനനശീകരണം, ക്വാറികള്‍ എന്നിവ നിയന്ത്രിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നു എന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 'ലോകം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് അകന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കും. ഇത്തരം സാഹചര്യത്തില്‍ കേരളത്തില്‍ ഒരു ദിവസത്തെ മഴയുടെ അളവ് 4 ശതമാനം വരെ വര്‍ധിക്കും, ഇത് കൂടുതല്‍ വിനാശകരമായ മണ്ണിടിച്ചിലുകള്‍ക്കും വഴിവയ്ക്കും' എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ഭൂവിനിയോഗ മാറ്റങ്ങളും മണ്ണിടിച്ചില്‍ സാധ്യതയും ഏറെ ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നിര്‍മാണങ്ങള്‍ക്കാവശ്യമായ ഖനനം, വനവിസ്തൃതിയില്‍ വന്ന 62 ശതമാനം കുറവ് എന്നിവ ഭൂമിയുടെ ചെരിവ് വര്‍ധിപ്പിക്കാന്‍ ഇടയായിട്ടുണ്ട്. കനത്ത മഴകൂടി പെയ്തിറങ്ങുമ്പോള്‍ ഇത് മണ്ണിടിച്ചിലിലേക്ക് നയിച്ചേക്കാം.