വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പൊട്ടല്‍ സംഭവിച്ച് പതിനഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും വേഗം കൂടുന്നു. ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കും. സര്‍ക്കാര്‍ തലത്തില്‍ താത്ക്കാലിക പുനരധിവാസത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു വീട്ടിലേക്കു താമസം മാറുമ്പോള്‍ വേണ്ട വീട്ടുപകരണങ്ങളും അത്യാവശ്യ വസ്തുക്കളും ഉറപ്പാക്കിയാണ് സര്‍ക്കാര്‍ താത്ക്കാലിക പുനരധിവാസം സജ്ജീകരിക്കുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കല്‍പ്പറ്റ, അമ്പലവയല്‍, മുട്ടില്‍ പഞ്ചായത്തുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വാടക വീടുകള്‍ ക്രമീകരിക്കുന്നത്. ഏത് പഞ്ചായത്തിലേക്ക് മാറണം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ടായിരിക്കും. ആളുകളുടെ താത്പര്യം, മുന്‍ഗണന, ആവശ്യങ്ങള്‍ കണ്ടെത്താന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ 18 അംഗ സംഘം സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബന്ധുക്കളും ഉറ്റവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ 21 പേരാണുള്ളത്. അഞ്ച് പുരുഷന്മാരും 10 സ്ത്രീകളും 18 വയസില്‍ താഴെ പ്രായമുള്ള ആറ് പേരും അടില്‍ ഉള്‍പ്പെടും. ഇവര്‍ ഒറ്റയ്ക്കായി പോകാതിരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി സഭാ ഉപസമിതി അറിയിച്ചു.
പുനരധിവാസത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇത് വരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങള്‍ വാടക നല്‍കി ഉപയോഗിക്കാനായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ പതിനഞ്ച് ക്വാര്‍ട്ടേഴ്‌സുകളും താമസിക്കാന്‍ സജ്ജമാണ്.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വീടുകളും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധിക്കും. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ താത്ക്കാലികമായി പുനരവധിവസിപ്പിക്കുമ്പോള്‍ ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പടെ ലഭ്യമാക്കും. താത്ക്കാലിക പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച വിശദമായ പട്ടിക നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ചായിരിക്കും ദുരിതബാധിതരെ പുതിയ വീടുകളിലേക്കു മാറ്റുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക. ഇത്തരത്തില്‍ പുനരധിവാസത്തിന് എന്തൊക്കെ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നത് ആളുകളെ അറിയിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങള്‍, മുന്‍ഗണന എന്നിവ പരിഗണിച്ച് സമിതിയായിരിക്കും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും വാടകവീടുകളും അനുവദിക്കുക. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വാടക വീടുകളിലേക്ക് മാറുന്നവര്‍, സ്വന്തം നിലയില്‍ വാടക വീടുകള്‍ കണ്ടെത്തുന്നവര്‍, ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ എന്നിങ്ങനെയായിരിക്കും താത്ക്കാലിക പുനരധിവാസം എന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം നിലയില്‍ വാടക വീടുകള്‍ കണ്ടെത്തുന്നവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും.
താത്ക്കാലിക പുനരധിവാസത്തിന് ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് പൊതുവിതരണ വകുപ്പ് ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തത്. ദുരന്തത്തില്‍ നഷ്ടമായ ഗ്യാസ് കണക്ഷനുകളാണ് അടിയന്തരമായി പുനസ്ഥാപിച്ച് നല്‍കിയത്. താത്ക്കാലിക വീടുകളിലേക്ക് താമസം മാറുന്ന രണ്ട് കുടുംബങ്ങള്‍ക്കാണ് കബനി ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി മുഖേന ഗ്യാസ്‌കുറ്റി, റെഗുലേറ്റര്‍ എന്നിവ വിതരണം ചെയ്തത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്ന് വിവിധ ഗ്യാസ് ഏജന്‍സികളുടെ സഹായത്തോടെ 59 സിലിണ്ടറുകള്‍ വകുപ്പ് ഏറ്റെടുത്ത് വിവിധ ഏജന്‍സികളില്‍ സുക്ഷിച്ചിട്ടുണ്ട്. അവശേഷിക്കുന്ന സിലിണ്ടറുകള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ദുരന്തപ്രദേശത്ത് നിന്ന് ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ കണക്ഷനായി ക്യാമ്പുകളില്‍ നിന്നും 52 കുടുംബങ്ങളുടെ ലിസ്റ്റാണ് നിലവില്‍ ലഭിച്ചത്. ലിസ്റ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഐ.ഒ.സി.യുടെ സഹകരണത്തോടെ ഗ്യാസ് കണക്ഷന്‍ നഷ്ടമായവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക്ഷന്‍ എന്നിവ നഷ്ടമായവര്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് -04936255222, ജില്ലാ സപ്ലൈ ഓഫീസ്-04936202273 നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതിനിടെ, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഉച്ച വരെ പരിശോധന നടത്തിയത്. ദുരന്ത മേഖലയില്‍ പ്രതികൂല കാലവസ്ഥയായതിനാല്‍ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. ഓഗസ്റ്റ് 15 വരെ പരിശോധന തുടരും.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുള്‍പൊട്ടലില്‍ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകള്‍ സംഘം വിലയിരുത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (സി.ഡബ്ല്യൂ.ആര്‍.ഡി.എം.) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.
അതേസമയം, ദുരന്തത്തിന്റെ പതിനഞ്ചാം ദിനത്തില്‍ നടത്തിയ തിരച്ചിലിലും ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ജീര്‍ണിച്ച നിലയില്‍ അഞ്ച് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ നാലെണ്ണം ചാലിയാറിന്റെ മേഖലകളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിനിടെ, കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ഇന്ന് നിശ്ചയിച്ചിരുന്ന സംസ്‌കാരങ്ങള്‍ മാറ്റി. ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നത്.
ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ അതിശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ. സൈന്യം നിർമിച്ച താൽക്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പുഴമുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ പശു കുത്തൊഴുക്കിൽപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.