KERALA

തിരച്ചില്‍ സംഘം സണ്‍റൈസ് വാലിയിലേക്ക്, മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകരെ എയര്‍ലിഫ്റ്റ് ചെയ്യും

നാളെ സൂചിപ്പാറ മുതല്‍ പോത്തുകല്‍ വരെയുള്ള മേഖലകളില്‍ തിരച്ചില്‍ നടത്താനാണ് നീക്കം

വെബ് ഡെസ്ക്

വയനാട് ചുരല്‍മല - മുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തിരച്ചില്‍ എട്ടാം ദിനത്തിലേക്ക്. ഇന്ന് സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും തിരച്ചിൽ. ചാലിയാറിൻ്റെ ഇരുകരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു ചെറിയ ഭാഗമാണ് സണ്‍റൈസ് വാലി. അവിടെയാണ് ഇന്ന് തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് സംസ്ഥാന ഹോംഗാര്‍ഡ് , ആറ് ആർമി സൈനികരും അടങ്ങുന്ന 12 അംഗസംഘം രാവിലെ എട്ടുമണിക്ക് SKMJ ഗ്രൗണ്ടിൽ നിന്നും എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും ആക്ഷൻ പ്ലാൻ വിശദീകരിച്ച് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളെ വിവിധ സോണുകളാക്കി തിരിച്ചായിരുന്നു ഇന്നലത്തെ പരിശോധന. ചൂരല്‍മല, ബെയ്‌ലി പാലത്തിനോട് ചേര്‍ന്ന ഭാഗങ്ങള്‍, പുഴയുടെ തീരങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മുണ്ടക്കൈയിലെ മുകള്‍ ഭാഗത്തേക്കുള്ള തിരച്ചിലില്‍ ഇനി കാര്യമില്ലെന്ന നിലപാടിലാണ് ദൗത്യ സംഘവും.

അതേസമയം, ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും തിരച്ചില്‍ നടപടികള്‍ തുടരുന്നത് സംബന്ധിച്ച തീരുമാനം സൈന്യത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ദുരിതാശ്വാസത്തിന്റെ അടുത്തഘട്ടമായ പുനരധിവാസത്തിലേക്ക് തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദുരന്തിത്തിന്റെ യഥാര്‍ഥ നഷ്ടക്കണക്ക് ശേഖരിക്കുകയാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍.

നിലവില്‍ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ആരോഗ്യ വകുപ്പുന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഉറപ്പാക്കും. കൂടുതല്‍ ഫീല്‍ഡുതല ജീവനക്കാരെ വീടുകളിലേക്ക് അയക്കുന്നതാണ്. മാനസികാരോഗ്യത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളില്‍ ദീര്‍ഘകാല മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്നതെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ സംഘം

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും.

കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്. ഇതിനായി സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ദുരന്തബാധിതരെ കേള്‍ക്കുകയും' അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നല്‍കും. മദ്യം, ലഹരി ഉപയോഗത്തിന്റെ 'വിത്ത്‌ഡ്രോവല്‍' ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നല്‍കുന്നുണ്ട്.

ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടം

ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ ക്ഷീര വികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീര വികസന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ക്ഷീര കര്‍ഷര്‍ക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികള്‍, നശിച്ച പുല്‍കൃഷി എന്നിവയുടെ മൂല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

12 ക്ഷീര കര്‍ഷകരാണ് ദുരന്ത ബാധിത മേഖലയില്‍ ഉണ്ടായിരുന്നത്. ദുരന്തത്തില്‍ 30 ഏക്കര്‍ പുല്‍കൃഷി നശിച്ചു. 7.8 ലക്ഷം രൂപയുടെ നഷ്ടം ഇതു മൂലമുണ്ടായി. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവയ്ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തു. ഇതു വഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ദിനംപ്രതി ലഭിച്ചിരുന്ന പാല്‍ 324 ലിറ്ററില്‍ നിന്നും 123 ലിറ്ററായി കുറഞ്ഞു. പാല്‍ വിറ്റുവരവില്‍ 73939.4 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകള്‍ നശിച്ചതു മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇത്തരത്തില്‍ ആകെ 68,13,939 രൂപയുടെ നഷ്ടമാണ് മേഖലയില്‍ കണക്കാക്കുന്നത്.

ദുരന്തമേഖലക്ക് സമഗ്ര പാക്കേജ്

ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചൂരല്‍ മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ദുരന്ത ബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. തെരച്ചില്‍ പ്രവര്‍ത്തനങ്ങളടക്കം ഊര്‍ജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും. രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങള്‍ വിവിധ വ്യക്തികളില്‍ നിന്നും ലഭ്യമാകുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിയുന്നത്ര വേഗത്തില്‍ ദുരന്ത ബാധിതരായി കഴിയുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 402 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതുവരെ 224 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 89 പുരുഷന്‍മാരും 97 പേര്‍ സ്ത്രീകളുമാണ്. പതിനെട്ട് വയസിന് താഴെയുള്ള 38 കുട്ടികളുടെ മരണവും സ്ഥീരീകരിച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം