KERALA

കാണാമറയത്ത് 225 പേര്‍, ഉറ്റവരെ തേടി ബന്ധുക്കള്‍; രക്ഷാപ്രവര്‍ത്തനം ശ്രമകരം

വെബ് ഡെസ്ക്

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിനിന്നും ഇനി കണ്ടെത്താനുള്ളത് 225 പേരെയെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മരണ സംഖ്യ ഇതിനോടകം 177 പിന്നിട്ടെന്നിരിക്കെയാണ് കാണാതായവരുടെ കണക്ക് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നത്. മരിച്ചവരില്‍ ഇതുവരെ 89 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 191 പേര്‍ ചികില്‍സയിലും തുടരുന്നു. ഉരുള്‍പ്പൊട്ടല്‍ രക്ഷാ പ്രവര്‍ത്തനം രണ്ടാം ദിനത്തിലേക്ക് കടന്നപ്പോള്‍ മുണ്ടക്കൈയില്‍ നിന്ന് ഇന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തി.13 മൃതദേഹങ്ങളാണ് ചാലിയാര്‍ പുഴയില്‍ ഇന്ന് കണ്ടെത്തിയത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങളെല്ലാം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്

മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാര്‍ തീരങ്ങളില്‍നിന്ന് ഇതുവരെ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളില്‍ 4 പുരുഷന്മാരും 6 സ്ത്രീകളും ഉള്‍പ്പെടും. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങളെല്ലാം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയല്‍ നടപടി ഉള്‍പ്പെടെ മേപ്പാടിയിലാണ് നടക്കുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന് വേഗം കൂട്ടുന്നതിനായി ചൂരല്‍മലയില്‍ സൈന്യം ഒരുക്കുന്ന ബെയ്ലി പാലം നിര്‍മാണം പുരോഗമിക്കുകയാണ്. പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പാലം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കും.

ദുരന്തം നടന്ന സമയത്ത് 860 പേരോളമാണ് പ്രദേശത്തുണ്ടായിരുന്നത്. ടൂറിസ്റ്റുകളും കുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളെയും ഉള്‍പ്പെടുത്താതെയുള്ള കണക്കാണ് ഇതെന്നാണ് പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. മുണ്ടക്കൈയില്‍ ഉള്‍പ്പെടെ കണ്ടുനില്‍ക്കാനാകാത്ത ദുരന്ത കാഴ്ചകളാണ് ഉള്ളതെന്നും രക്ഷാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നാന്നൂറില്‍ അധികം വീടുകളുണ്ടായിരുന്ന പ്രദേശത്ത് ഇനി അവശേഷിക്കുന്നത് മുപ്പതോളം വീടുകള്‍ മാത്രമാണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിവരം.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ