KERALA

'വയനാട് ദുരന്തത്തെക്കുറിച്ച് മിണ്ടരുത്, അവിടെ പോകരുതെന്ന് സര്‍ക്കാര്‍, ഉത്തരവിനെതിരെ ശാസ്ത്രജ്ഞര്‍, വ്യാപക പ്രതിഷേധം, പിൻവലിച്ചതായി മുഖ്യമന്ത്രി

'ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രളയം ഉണ്ടായപ്പോള്‍ ബിജെപി സര്‍ക്കാര്‍ എടുത്ത അതേ നിലപാടാണ് ഇപ്പോള്‍ കേരള സര്‍ക്കാരും എടുത്തിരിക്കുന്നത്.

കെ ആർ ധന്യ

ദുരന്തത്തെക്കുറിച്ച് മിണ്ടിപ്പോവരുതെന്ന് ശാസ്ത്ര സമൂഹത്തോട് സര്‍ക്കാര്‍. സംസ്ഥാനത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം ശാസ്ത്ര സമൂഹത്തിൻ്റെയക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.

ചൂരല്‍മല, മുണ്ടക്കൈ ദുരന്തഭൂമിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പോവരുതെന്നായിരുന്നു നിര്‍ദ്ദേശം. മാധ്യമങ്ങളോട് ദുരന്തത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളോ പഠന റിപ്പോര്‍ട്ടുകളോ കൈമാറരുതെന്നും ഉത്തരവില്‍ പറയുന്നു. ദുരന്തഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കില്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അനുമതി തേടണമെന്നും ഉത്തരവ് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ തിരിഞ്ഞിരിക്കുകയാണ് ശാസ്ത്ര സമൂഹം. അതിന് പുറമെ സിപിഎമ്മിനെ അനുകൂലിക്കുന്നവരും ഇതിനെ പരസ്യമായി തള്ളി പറഞ്ഞു. ഇതോടെയാണ് ഇത് സർക്കാർ നയമല്ലെന്നും ഉത്തരവ് പിൻവലിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സി ഡബ്ല്യു ആര്‍ ഡി എമ്മും, ജിയോളജിസ്റ്റുകളും കെഎഫ്ആര്‍ ഐയും എല്ലാം അടിയന്തിരമായി എത്തി പഠനം നടത്തേണ്ടയിടത്ത് സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് ന്യായമല്ല എന്നാണ് ശാസ്ത്രജ്ഞർ നേരത്തെ പുറത്തുവന്ന ഉത്തരവിനോട് പ്രതികരിച്ചത്. .

' ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ പ്രളയം ഉണ്ടായപ്പോള്‍ ബിജെപി സര്‍ക്കാര്‍ എടുത്ത അതേ നിലപാടാണ് ഇപ്പോള്‍ കേരള സര്‍ക്കാരും എടുത്തിരിക്കുന്നത്. ഇത് വളരെ ദു:ഖകരമായ കാര്യമാണ്. ഒരു തരത്തിലും ലോജിക്കലുമല്ല. ശാസ്ത്ര സമൂഹമാണ് പഠനം നടത്തേണ്ടത്.' ജിയോളജിസ്റ്റ് സി പി രാജേന്ദ്രന്‍ ഉത്തരവിനോട് പ്രതികരിച്ചു.

എന്താണ് അവിടെ സംഭവിച്ചതെന്ന് എത്രയും പെട്ടെന്ന് പഠനം നടത്തിയാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അല്ലാത്തപക്ഷം ദുരന്തത്തിന്റെ കൃത്യമായ ഡോക്യുമെന്റേഷന്‍ പോലും നടക്കില്ല എന്ന് അവര്‍ പറയുന്നു.

' ദുരന്തം നടന്ന് ഒരു മാസത്തിനുള്ളില്‍, പരമാവധി പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ വിദഗ്ദ്ധര്‍ അവിടേക്കെത്തേണ്ടത് ആവശ്യമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തം നടന്നയിടത്തെല്ലാം വെജിറ്റേഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് പ്രദേശത്തിന്റെ ടോപ്പോഗ്രഫി പോലും മനസ്സിലാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും. ചരിവ്, ഭൂ ഘടന, ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അതെല്ലാം എത്രയും പെട്ടെന്ന് പഠന വിധേയമാക്കണ്ടതുണ്ട്. ഓരോ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോഴും ഭൗമശാസ്ത്രജ്ഞര്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാറുണ്ട്. അവിടെ എന്തുണ്ടായി എന്നത് ഡോക്യുമെന്റേഷന്‍ ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അത് വേണ്ട എന്ന് പറയുമ്പോള്‍ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. പുത്തുമലയേക്കാള്‍ അമ്പത് ഇരട്ടി വ്യാപ്തിയുള്ള ദുരന്തമാണ് ചൂരല്‍മലയില്‍ നടന്നിരിക്കുന്നത്. വനത്തില്‍ നിന്ന് താഴേക്ക് പൊട്ടി വന്നതാണ്. അതിന് താഴെയുണ്ടായിരുന്ന ഭൂവിനിയോഗത്തെക്കുറിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ട്. ചൂരല്‍മല സ്‌കൂളിനോട് ചേര്‍ന്ന് എട്ട് മീറ്റര്‍ ഉണ്ടായിരുന്ന തോട് ഇപ്പോള്‍ 500 മീറ്റര്‍ ആയി കൂടിയിരിക്കുന്നു. ആ പ്രദേശത്തേക്ക് ആരേയും താമസമോ മറ്റോ അനുവദിക്കരുത് എന്ന് തന്നെയാണ് അതിന്റെയര്‍ത്ഥം. എത്രയായാലും ശാസ്ത്രത്തെ ഒളിച്ചുവക്കാന്‍ കഴിയില്ല. എല്ലാ ശാസ്ത്രസംഘത്തേയും അവിടേക്ക് വിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്താണ് സംഭവിച്ചതെന്നത് ജനങ്ങളിലേക്ക് എത്തണം. അല്ലാതെ ഒളിച്ചു വച്ചിട്ട് കാര്യമില്ല.' നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് സയന്റിസ്റ്റ് ഡോ. ശശിധരന്‍ മങ്കത്തില്‍ പറഞ്ഞു.

എന്നാല്‍ മീഡിയക്ക് മുന്നില്‍ ഈ മേഖലയില്‍ അത്ര വിദഗ്ദ്ധര്‍ അല്ലാത്തവര്‍ പറയുന്ന കാര്യങ്ങളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയതെങ്കില്‍ അക്കാര്യം സ്വാഗതാര്‍ഹമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ സാഹചര്യം മുതലെടുത്ത് പലരും അവരുടേതായ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. വിദഗ്ദ്ധര്‍ മാത്രം പഠനം നടത്തി അഭിപ്രായം പറയേണ്ടതിന്റെ ആവശ്യമുണ്ട്. അതാണ് സര്‍ക്കാര്‍ ഉത്തരവ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ നല്ല വശങ്ങളും ഉണ്ടെന്ന് ഡോ. ശശിധരന്‍ പറയുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം പുറപ്പെടുവിച്ചിരുന്നു. ജില്ലാ കളക്ടര്‍ അല്ലാതെ മറ്റാരും ദുരന്ത മുഖത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത്രയും ദാരുണമായാ സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അത്തരം ഉത്തരവിറക്കിയതിനെ പലരും ചോദ്യം ചെയ്തിരുന്നു. ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഇത് സർക്കാർ സമീപനമല്ലെന്ന് പറഞ്ഞ് ഉത്തരവ് പിൻവിലിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാൽ പ്രതിഷേധം ശക്തമായതിന് ശേഷം മുഖ്യമന്ത്രി അതിനെ തള്ളിപറഞ്ഞുകൊണ്ട് രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ കുറിപ്പ് ഇങ്ങനെ;

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദ്ദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല.

അങ്ങനെ ദ്യോതിപ്പികക്കുംവിധം ആശയവീനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി