KERALA

'പ്രതീക്ഷ നശിക്കാതെ സഹപ്രവർത്തകയ്‌ക്കൊപ്പം'; ദൃശ്യങ്ങൾ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

വെബ് ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് പലതവണ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്റ്റീവ് രംഗത്തെത്തി. നടിയുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ നീതിന്യായ വ്യവസ്ഥിതി തന്നെ പെരുമാറിയതിൽ നടുക്കവും നിരാശയും പ്രകടിപ്പിച്ചുകൊണ്ടുള്ള ഡബ്ല്യുസിസിയുടെ കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ നിരവധി തവണ മാറിയതായി സംസ്ഥാന ഫോറൻസിക് വിഭാഗം അറിയിച്ചതിനെ തുടർന്ന് നടി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യമായ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട കോടതികൾ ഒരു സ്ത്രീയെ ഇങ്ങനെ തോൽപ്പിക്കാൻ പാടുണ്ടോ എന്നാണ് ഡബ്ല്യുസിസി ചോദിക്കുന്നത്.

കോടതിയുടെ പക്കലുള്ള ദൃശ്യങ്ങൾ മറ്റാരും കാണുന്ന സാഹചര്യമുണ്ടാകില്ലെന്ന് കരുതിയ സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നത് സമാനമായി നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയുമാണ് മുറിവേൽപ്പിച്ചിരിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. നടി നേരത്തെ പ്രതികരിച്ചതുപോലെ ഓരോ ഇന്ത്യൻ പൗരന്റെയും അവസാന അത്താണിയാണ് നീതിന്യായ വ്യവസ്ഥ എന്നും സന്ധിയില്ലാതെ അവർ നടത്തുന്ന നിയമയുദ്ധത്തെ നീതിന്യായ വ്യവസ്ഥ കണ്ടില്ലെന്ന് നടിക്കില്ലെന്നാണ് തങ്ങൾ കരുതുന്നതെന്നുമാണ് നടിക്ക് ഐക്യദാർഢ്യം നൽകിക്കൊണ്ട് ഡബ്ല്യുസിസി പറയുന്നത്.

ഇപ്പോൾ സംഭവിച്ച നികൃഷ്ടമായ നിയമലംഘനത്തെ അപലപിക്കുന്നതായും ഇതിനു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഏറെ നിസ്സഹായതയോടെ എന്നാൽ പ്രതീക്ഷ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്‌ക്കൊപ്പം തങ്ങൾ നിലകൊള്ളുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജഡ്ജുമാരുൾപ്പെടെയുള്ള കോടതിജീവനക്കാർ പലതവണയായി നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ഉള്ള മെമ്മറി കാർഡ് ഉപയോഗിച്ച് ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്ന വിവരം പുറത്ത് വരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും