KERALA

വനിത നിർമാതാവിൻ്റെ പരാതിയിൽ നടപടിയില്ല; നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ ഡബ്ല്യുസിസി

ആരോപണവിധേയരായവർ സംഘടനയുടെ തലപ്പത്ത് തുടരുന്നതിലൂടെ കുറ്റാരോപിതനൊപ്പമാണെന്ന് നിർമാതാക്കളുടെ സംഘടന തെളിയിക്കുകയാണെന്നും ഡബ്ല്യുസിസി

വെബ് ഡെസ്ക്

നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). സംഘടനയുടെ തലപ്പത്തിരിക്കുന്ന നിർമാതാവിനെതിരെ വനിതാ നിർമാതാവ് നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലും അയാൾ സംഘടനയുടെ തലപ്പത്ത് നിന്നും മാറിനിൽക്കാതിരിക്കുന്നതിനെതിരെയാണ് ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്.

സ്വയം 'സിനിമ മേഖലയിലെ തൊഴിലുടമകൾ' എന്ന് വിശേഷിപ്പിക്കുന്ന ഇവർ തങ്ങൾക്കു കീഴിൽ ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടവരാണ്. അവർ ഇത്തരത്തിലൊരു ആരോപണമുണ്ടായിട്ടും നിർമാതാവിനെ സംഘടനയുടെ തലപ്പത്ത് നിന്നും മാറ്റിയില്ല എന്നാണ് ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലെ വിമർശനം.

സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്കെതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും സ്ത്രീ എന്ന നിലയിൽ വിവേചനപരമായ പെരുമാറ്റവുമുണ്ടായി എന്നത് ഗുരുതരവും ആശങ്കാജനകവുമായ പരാതിയായാണ് തങ്ങൾ കാണുന്നതെന്നാണ് ഡബ്ല്യുസിസി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ആരോപണവിധേയരായവർ ഇപ്പോഴും സംഘടനയുടെ തലപ്പത്തിരിക്കുന്നതിലൂടെ തങ്ങൾ കുറ്റാരോപിതനൊപ്പമാണെന്ന് നിർമാതാക്കളുടെ സംഘടന തെളിയിക്കുകയാണെന്നും ഡബ്ല്യുസിസി വിമർശിച്ചു. ആരോപണം നേരിടുന്നവർ ധാർമികമായ ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കാൻ മിനക്കെട്ടില്ല എന്ന വിമർശനമുന്നയിക്കുന്ന കുറിപ്പിൽ മലയാള സിനിമയെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണൽ മൂല്യങ്ങളാണെന്നും അല്ലാതെ ഏതെങ്കിലും കാലഹരണപ്പെട്ട അധികാര സമവാക്യങ്ങൾക്കുള്ളിൽ തളച്ചിടപ്പെടുകയല്ല വേണ്ടതെന്നും പറയുന്നു.

പരാതിയുമായി രംഗത്തെത്തിയ വനിതാ നിർമാതാവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഡബ്ല്യുസിസി ഇവിടെ സ്വന്തം വഴിവെട്ടിത്തെളിക്കാൻ അസാമാന്യമായ ധൈര്യം ആവശ്യമാണെന്നും പറയുന്നു. ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന 'നിശബ്ദതയുടെ സംസ്കാരം' പ്രതിഷേധിക്കുന്നവരുടെ സ്വരങ്ങളെ എങ്ങനെ അടിച്ചമർത്തുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഇതെന്നും ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ