ആലപ്പുഴ ജില്ലാ കളക്ടറായിരിക്കെ കുരുന്നുകള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ് വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. ആലപ്പുഴ കളക്ടര്‍ പദവി ഒഴിയുന്നതിന് മുന്‍പ് കൃഷ്ണ തേജ ഐഎഎസ് അവസാനമായി ഒപ്പിട്ടത് ആറ് കുട്ടികള്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള ഫയലിലായിരുന്നു. തൃശൂര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റെങ്കിലും ആലപ്പുഴയിലെ കുട്ടികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് അവരുടെ 'കളക്ടര്‍ മാമന്‍'.
'വീ ആര്‍ ഫോര്‍ ആലപ്പി' പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മിക്കുന്നത്
കോവിഡ് മൂലം രക്ഷകര്‍ത്താക്കളില്‍ ഒരാളെയോ രണ്ടുപേരെയുമോ നഷ്ടമായ ആറ് കുട്ടികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കളക്ടര്‍ നല്‍കിയ ഉറപ്പ്. ഈ ആറ് വീടുകളില്‍ മൂന്ന് വീടുകളുടെ തറക്കല്ലിടല്‍ കഴിഞ്ഞദിവസം നടന്നു. 'വീ ആര്‍ ഫോര്‍ ആലപ്പി' പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മിക്കുന്നത്.
പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ 293 കുട്ടികള്‍ക്കാണ് പഠന സൗകര്യം, വീട്, ജോലി, ചികിത്സാ സഹായം തുടങ്ങി വിവിധ സഹായം ഉറപ്പാക്കിയത്
രക്ഷാകര്‍ത്താക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വി ആര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തില്‍ 'വീ ആർ ഫോര്‍ ആലപ്പി' പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ 293 കുട്ടികള്‍ക്കാണ് പഠന സൗകര്യം, വീട്, ജോലി, ചികിത്സാ സഹായം തുടങ്ങി വിവിധ സഹായം ഉറപ്പാക്കിയത്. കൃഷ്ണ തേജ ഐഎഎസ് തൃശൂരിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും അദ്ദേഹം നടപ്പാക്കിയ പദ്ധതി ഇന്നും മുടക്കമില്ലാതെ ആലപ്പുഴയില്‍ നടപ്പാകുന്നുണ്ട്.