KERALA

'ക്ഷേമ പെൻഷന്‍ അവകാശമായി കാണാനാകില്ല, സഹായം മാത്രം'; സർക്കാർ ഹൈക്കോടതിയില്‍

നിയമകാര്യ ലേഖിക

ക്ഷേമ പെൻഷനുകൾ അവകാശമായി കാണാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ വിതരണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുനനു.

സഹായം മാത്രമാണ് ക്ഷേമ പെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമ പെൻഷനെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ക്ഷേമ പെൻഷൻ വിതരണത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ വിശദീകരണം. 50 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷന് നൽകി വരുന്നുണ്ട്. പണം ലഭിക്കുന്ന മുറയ്ക്ക് പെൻഷൻ വിതരണം നടത്തുമെന്നും സർക്കാർ വിശദീകരിച്ചു.

ഇതിനിടെ മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷന്‍റെ മൂന്ന് ഗഡു നൽകാൻ തീരുമാനമായതായി സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഒരു ഗഡു നൽകി വരികയാണ്. 2023 നവംബർ, ഡിസംബർ മാസങ്ങളിലെ രണ്ട് ഗഡു ഏപ്രിൽ ഒമ്പത് മുതൽ ഒന്നിച്ച് വിതരണം ചെയ്തു തുടങ്ങും. ഇതോടെ കുടിശികയുള്ള മൂന്ന് ഗഡു പെൻഷൻ തുകയാണ് അർഹരുടെ കൈകളിലേക്ക് അടുപ്പിച്ച് എത്തുക.

നാലു മാസത്തെ കുടിശികയാണ് നൽകാൻ ബാക്കിയുണ്ടാവുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പെൻഷൻ തുടർച്ചതായി മുടങ്ങുന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പെൻഷൻ വിതരണം ഇങ്ങനെ

മാസം തോറും 900 കോടി രൂപയാണ് പെൻഷനുവേണ്ടി സർക്കാർ കണ്ടെത്തേണ്ടത്. 50 ലക്ഷം പേർ പെൻഷന് യോഗ്യരായവരുണ്ട്. ഇതിൽ 48.17 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നുണ്ട്.

കേന്ദ്ര സർക്കാർ വിഹിതം കൂടി കൂട്ടിയാണ് നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിനു കീഴിൽ സർക്കാർ പെൻഷൻ വിതരണം ചെയ്യുന്നത്. ഇന്ദിരാഗാന്ധി വയോജന പെൻഷൻ 80 വയസിന് താഴെയുള്ളവർക്ക് 1400 രൂപ സംസ്ഥാനം നൽകുമ്പോൾ കേന്ദ്രവിഹിതമായി 200 രൂപയും ലഭിക്കുന്നു. 80 വയസിന് മുകളിലുള്ളവർക്ക് സംസ്ഥാനം 1100 രൂപയും കേന്ദ്രം 500 രൂപയുമാണ് നൽകുന്നത്.

ഇന്ദിരാഗാന്ധി നാഷണൽ ഡിസൈബെിലിറ്റി പെൻഷൻ സ്കീം പ്രകാരം, 80 ശതമാനത്തിൽ കുറവ് വൈകല്യവും 80 വയസിന് താഴെയുമാണെങ്കിൽ സംസ്ഥാന സർക്കാർ 1600 രൂപ നൽകും, കേന്ദ്രം വിഹിതമില്ല. 80 ശതമാനം വൈകല്യമുള്ള 18 മുതൽ 80 വയസ് വരെയുള്ളവർക്ക് സംസ്ഥാനം 1300 രൂപയും കേന്ദ്രം 300 രൂപയുമാണ് നൽകുന്നത്.

ഇന്ദിരാഗാന്ധി നാഷണൽ വിധവാ പെൻഷൻ 40 വയസിന് താഴെയുള്ളവർക്ക് സംസ്ഥാനം 1600 രൂപയാണ് നൽകുന്നത്. 40-60 വയസിന് ഇടയിലുള്ളവർക്ക് സംസ്ഥാനം 1300 രൂപയും കേന്ദ്രം 300 രൂപയും നൽകുന്നു. 60 വയസിൽ കൂടുതലുലള്ളവർക്ക് സംസ്ഥാനം 1100 കേന്ദ്രം 500 രൂപയും നൽകും.

ഇതുകൂടാതെ മൂന്ന് ലക്ഷം കർഷകർക്ക് 1600 രൂപ വീതവും പെൻഷൻ നൽകുന്നു. 50 വയസിൽ കൂടുതലുള്ള അവിവാഹിതകളായി 76,000 സ്ത്രീകൾക്കും പെൻഷനുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും