ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശിപാര്‍ശയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന സിപിഎമ്മിനെ കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും പിടിച്ചുകുലുക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘ വിവാദങ്ങള്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും രംഗപ്രവേശനം നടത്തുന്നു. ഇത്തവണയും വിവാദങ്ങളുടെ ശ്രദ്ധാകേന്ദ്രം പി ജയരാജനാണ്. ജില്ലാ നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പാര്‍ട്ടിവിട്ടു പുറത്തുപോയ മനു തോമസ് ഉയര്‍ത്തുന്നത്. എന്നാല്‍ പി ജയരാജനെതിരെ മനു തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത് ചില ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണ്. എന്താണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം നടത്താത്തത്?
മനു തോമസിന്റെ ആരോപണങ്ങളെ പാര്‍ട്ടി തള്ളിക്കളയുകയാണ് ചെയ്തത്. മനു ഉയര്‍ത്തിയ പരാതികള്‍ പാര്‍ട്ടി പഠിച്ചെന്നും പരാതിയില്‍ കഴമ്പില്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നിലപാട്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ സിപിഎമ്മില്‍ തിരുത്തല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്ന സമയമാണ്. പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നതിന് പരിഹാരം കാണാന്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറയുന്ന സമയത്ത് തന്നെയാണ്, മനു തോമസ് ഉയര്‍ത്തിയ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ഗുരുതരമായ രാഷ്ട്രീയ വിഷയത്തെ ചെറുതാക്കി കാണിക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്.
2022-ലാണ് എം ഷാജറിന് സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റിയില്‍ മനു പരാതി നല്‍കുന്നത്. പരാതിയില്‍ നടപടിയുണ്ടാകാതെ വന്നതോടെ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും മനു പരാതി നല്‍കി
എന്താണ് മനു തോമസും പി ജയരാജനും തമ്മിലുള്ള പ്രശ്‌നം? ഡിവൈഎഫ്‌ഐ നേതാവിരുന്ന സമയത്ത് തന്നെ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ മനനു തോമസ് രംഗത്തുവന്നിട്ടുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പലതവണ, ആകാശ് തില്ലങ്കേരിയും സംഘവും മനു തോമസുമായി സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിട്ടുമുണ്ട്. ഇങ്ങനെ പുകഞ്ഞുനിന്ന വിഷയമാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്. യുവജന കമ്മിഷന്‍ അധ്യക്ഷന്‍ എം ഷാജറുമായുള്ള വ്യക്തിപരമായ അഭിപ്രായ ഭിന്നതയിലേക്ക് പാര്‍ട്ടിയെ വലിച്ചിടാന്‍ ശ്രമിക്കുകയാണ് മനു ചെയ്യുന്നത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മനുവിന്റെ പരാതി അന്വേഷിച്ച പാര്‍ട്ടി ജില്ലാ കമ്മിറ്റി ഷാജിറിന് ചില ശ്രദ്ധക്കുറവുകള്‍ ഉണ്ടായെന്ന് മാത്രമാണ് പറയുന്നത് എന്നത് കൊണ്ടാണ് മനു സംസ്ഥാന നേതൃത്വത്തെ സമീപിച്ചതെന്ന് പറയുന്നു.
2022-ലാണ് എം ഷാജറിന് സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റിയില്‍ മനു പരാതി നല്‍കുന്നത്. പരാതിയില്‍ നടപടിയുണ്ടാകാതെ വന്നതോടെ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും മനു പരാതി നല്‍കി. തന്നെ ഒതുക്കണം എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആകാശ് തില്ലങ്കേരി പങ്കുവച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു മനുവിന്റെ പരാതി. സ്വര്‍ണക്കടത്തില്‍ ജയില്‍പ്പുള്ളികള്‍ ഇടപെടുന്നുണ്ടെന്നും ഒരു ഓഫീസ് സെക്രട്ടറിക്ക് ഇതില്‍ പങ്കുണ്ടെന്നും മനു ആരോപിച്ചിരുന്നു. പരാതി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലിരിക്കെ തന്നെ, ഷാജറിനെ യുവജന കമ്മിഷന്‍ അധ്യക്ഷനായി പാര്‍ട്ടി നിയമിച്ചു. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച മനു, മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ട മനുവിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
പിന്നാലെയാണ്, പി ജയരാജന്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. പി ജയരജന് എതിരെ മനു തോമസ് പ്രത്യക്ഷത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ല. എന്നാല്‍, മനുവിന്റെ നീക്കം പാര്‍ട്ടിക്കുള്ളില്‍ തന്നെയൊതുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരവസരം ഒരുക്കിക്കൊടുത്തേക്കാം എന്നു കരുതിയാകണം പി ജയരാജന്‍ ഈ വിഷയത്തില്‍ കയറിപ്പിടിച്ചതെന്നാണ് പാര്‍ട്ടിയിലെ ചിലര്‍ തന്നെ പറയുന്നത്. ഇതോടെ, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ വിഷയത്തില്‍ മനുവിന് എതിരെ ഭീഷണി മുഴക്കി രംഗത്തെത്തി, കളം മാറി. പി ജയരാജനെ പിന്തുണയ്ക്കുന്ന റെഡ് ആര്‍മി പേജും മനുവിന് എതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഇതില്‍ ഏറ്റവും വലിയ ഭീഷണി ആകാശ് തില്ലങ്കേരിയുടേത് ആയിരുന്നു. കൊന്നുകളയാന്‍ അധികസമയം വേണ്ടെന്ന സൂചന നല്‍കുന്ന പോസ്റ്റായിരുന്നു ഇത്. എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് മനുവിനെ ബോധ്യപ്പെടുത്താന്‍ കണ്ണൂരിലെ സംഘടനയ്ക്ക് വലിയ സമയം വേണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്. കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല എന്നായിരുന്നു ആകാശിന്റെ കമന്റ്. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെജി ദിലീപിന്റെ പഴയ എഫ്ബി പോസ്റ്റിന് താഴെയാണ് ആകാശ് കമന്റ് ചെയ്തത്. ദിലീപ് പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും ഈ ഭീഷണി നിലനില്‍ക്കുന്നു. അത് ഉന്നയിച്ച വ്യക്തിയുടെ പശ്ചാത്തലവും.
'ഒരു വിപ്ലവകാരിയുടെ പതനം' എന്ന പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കി. 'ഒരു വിപ്ലവകാരിയുടെ പതനം വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടുകയാണെന്നായിരുന്നു ജയരാജന്റെ പോസ്റ്റ്. ''കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍, എന്തിനേറെ പറയുന്നു അതിനിര്‍ണ്ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല'' എന്നും ജയരാജന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. പി ജരാജന്റെ അനാവശ്യ ഇടപെടല്‍ വിഷയം വഷളാക്കിയെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നത് ഇതിന് പിന്നാലെയാണ്. വിഷയത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയതിന് ശേഷം ജയരാജന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ശരിയായില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.
2014-ന് ശേഷം, കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ ഗണ്യമായി കുറഞ്ഞു. ആര്‍എസ്എസും സിപിഎമ്മും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടികള്‍ കണ്ണൂരിനെ ഒരു പരിധിവരെയെങ്കിലും ശാന്തമാക്കിയിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ ക്വട്ടേഷനുകള്‍ക്ക് വേണ്ടി സിപിഎം വളര്‍ത്തിയെടുത്ത സംഘങ്ങള്‍ പാര്‍ട്ടിക്കുതന്നെ തലവേദന സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
പിന്നാലെ, പി ജയരാജനെ സംവാദത്തിന് ക്ഷണിച്ച് മനു രംഗത്തെത്തി. എന്നാല്‍, മനുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലുള്ള പ്രചാരണമാണ് നടന്നത്. ജയരാജന്‍ ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരെ സൃഷ്ടിച്ചെന്നും അദ്ദേഹത്തിന്റെ മകന് സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളോട് ബന്ധമുണ്ടെന്നും മനു ആരോപിക്കുന്നു. പി ജയരാജന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണെന്നും മനു ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ സംഘടനയെ സംരക്ഷിക്കാന്‍ അധിക സമയം വേണ്ടെന്ന ഭീഷണിമുഴക്കാന്‍ സിപിഎം ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും മനു ആവശ്യപ്പെടുന്നുണ്ട്. ഈ ആരോപണത്തിനൊന്നും ഇതുവരെ സിപിഎം നേതൃത്വം മറുപടി പറഞ്ഞിട്ടില്ല.
സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ട് എന്നത് പുതിയ ആരോപണമല്ല. ഇതിനുമുന്‍പും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 2014-ന് ശേഷം, കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ ഗണ്യമായി കുറഞ്ഞു. ആര്‍എസ്എസും സിപിഎമ്മും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടികള്‍ കണ്ണൂരിനെ ഒരു പരിധിവരെയെങ്കിലും ശാന്തമാക്കിയിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ ക്വട്ടേഷനുകള്‍ക്ക് വേണ്ടി സിപിഎം വളര്‍ത്തിയെടുത്ത സംഘങ്ങള്‍ പാര്‍ട്ടിക്കുതന്നെ തലവേദന സൃഷ്ടിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇവരില്‍ പലരും മറ്റു ക്വട്ടേഷന്‍,സ്വര്‍ണക്കടത്ത് പരിപാടികളിലേക്ക് മാറുന്നതെന്നും വിലയിരുത്തലുകള്‍ പാര്‍ട്ടി അനുഭാവികളുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായി. 2019 വടകര ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനെ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സെക്രട്ടറിയാക്കാതിരുന്നത്, ഇക്കാരണങ്ങള്‍ കൊണ്ടാണെന്നും കഥകള്‍ ഉണ്ടായി.
ഈ ക്രിമിനല്‍ സംഘങ്ങള്‍, സമൂഹ മാധ്യമങ്ങളിലും പുറത്തും പാര്‍ട്ടിയുടെ പുതുമുഖ പോരാളികളായി രംഗത്തെത്തി. എന്നാല്‍, ഒരുഘട്ടം വന്നപ്പോള്‍ പാര്‍ട്ടി പറയുന്നതും കേള്‍ക്കാത്ത തരത്തിലേക്ക് ഇവര്‍ വളര്‍ന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. അതിന്റെ മറ്റൊരു അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. എന്തു കൊണ്ടാണ് ജയരാജനുവേണ്ടി ഇപ്പോഴും ജില്ലാ നേതൃത്വം രംഗത്തുവരാത്തതെന്നത് ഏറെ പ്രധാനമാണ്. ജില്ലാ സെക്രട്ടറിയുടെ പ്രതികരണത്തിന് ശേഷവും എന്തിന് പി ജയരാജന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുവെന്നതും മറ്റൊരു വിഷയം. മാറ്റേണ്ടത് മാറ്റുമെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ദേശാഭിമാനിയില്‍ ലേഖനം എഴുതിയ ദിവസം തന്നെയാണ് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി എന്ന രീതിയില്‍ ഭീഷണിയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.