726 എ ഐ ക്യാമറകളാണ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചത്. നിര്‍മിത ബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. രമേശ് ചെന്നിത്തലയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ പ്രതിപക്ഷമൊന്നടങ്കം ആരോപണം ഏറ്റെടുത്തു. സംസ്ഥാനത്തെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം അങ്ങനെ വിവാദത്തില്‍ പെട്ടിരിക്കുകയാണ്.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണുമായുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ മുതലിങ്ങോട്ടുണ്ടായ നടപടി ക്രമങ്ങള്‍ തന്നെയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 15.22 കോടി രൂപയുടേതെന്ന് കരാറില്‍ പറഞ്ഞ പദ്ധതി നടപ്പിലായപ്പോള്‍ സര്‍ക്കാര്‍ കണക്കില്‍ ചെലവ് 232 കോടിയായി. ഇതില്‍ അടിമുടി ദുരൂഹതയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജന മധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.
ക്യാമറ സ്ഥാപിക്കുന്നതടക്കമുള്ള കെല്‍ട്രോണിന്റെ പദ്ധതി രേഖയ്ക്ക് 2019ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2020ലാണ് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും കരാറിലേര്‍പ്പെടുന്നത്. ഗതാഗത കമ്മീഷണര്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. കെല്‍ട്രോണ്‍ ട്രാഫിക് രംഗത്ത് പരിചയമൊട്ടുമില്ലാത്ത എസ് ആര്‍ ഐ ടി എന്ന സ്വകാര്യ കമ്പനിക്ക് 151 കോടി രൂപയുടെ കരാര്‍ നല്‍കി. 2020 നവംബര്‍ 16 ന് ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ്, പ്രെസാഡിയോ എന്നീ രണ്ട് കമ്പനികള്‍ക്ക് ഈ കരാര്‍ മറിച്ച് നല്‍കി. 75.32 കോടിരൂപയ്ക്ക് ക്യാമറയും സോഫ്‌റ്റ്വെയറുകളുമെല്ലാം അടങ്ങുന്ന 25 വിഭാഗങ്ങളിലായുള്ള ഉപകരണങ്ങളടക്കമുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് എസ് ആര്‍ ഐ ടി സ്വന്തമായി മേല്‍വിലാസം പോലുമില്ലാത്ത ലൈറ്റ് മാസ്റ്റര്‍ കമ്പനിക്ക് നല്‍കിയത്.
ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ചുമതലയാകട്ടെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രെസാഡിയോ കമ്പനിക്കും. 7.55 കോടി രൂപയാണ് ഇതിനായുള്ള ചെലവ്. അതായത് ഉപകരണങ്ങൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമായി ഉപകരാറെടുത്ത രണ്ട് കമ്പനികള്‍ക്കും ചെലവായത് 82.87 കോടി രൂപ മാത്രം. പദ്ധതിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവ് 232 കോടിയും. വിവാദങ്ങള്‍ ചൂടുപിടിച്ചതോടെ പ്രെസാഡിയോ കമ്പനി വെബ്‌സൈറ്റില്‍ നിന്നും എംഡിയുടെയും ഡയറക്ടര്‍മാരുടെയും പേര് വിവരങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്ത് മൗനം നടിക്കുകയാണ്.
കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടപ്രകാരമെന്നാണ് കെല്‍ട്രോണിന്റെ നിലപാട്. അഞ്ച് വര്‍ഷത്തെ പരിപാലന ചെലവ് കൂടി കണക്കാക്കിയാണ് പദ്ധതിയുടെ ആകെ തുക 232 കോടിയായി ഉയരാന്‍ കാരണമെന്നും കെല്‍ട്രോണ്‍ മറുപടി നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ കെല്‍ട്രോണ്‍ കരാര്‍ ഏല്‍പ്പിച്ച എസ് ആര്‍ ഐടിയും മറ്റ് രണ്ട് സ്വകാര്യ കമ്പനികളുമാണോ ഇപ്പോഴത്തെ അഴിമതികൾക്ക് പിന്നിലെന്നും ഉത്തരം പറയേണ്ടത് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരുമാണ്. ഇതാണോ സർക്കാര് പറയുന്ന സുതാര്യത എന്ന സംശയത്തിലാണ് ജനങ്ങളും.