നടിയെ അക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് താക്കീതുമായി ഹൈക്കോടതി. വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി അതിജീവിതയ്ക്ക് മുന്നറിയിപ്പ് നല്‍കി.
നടിയെ അക്രമിച്ച കേസ് പരിഗണിയ്ക്കുമ്പോഴാണ് അതിജീവിതയ്‌ക്കെതിരെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിമര്‍ശനം ഉന്നയിച്ചത്. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷന്‍ നല്‍കുന്ന വിവരങ്ങളാണ് സംശയത്തിന് കാരണമെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ സംഘം വിവരം ചോര്‍ത്തി നല്‍കുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഹര്‍ജിയില്‍ ദിലീപിനെ കോടതി കക്ഷി ചേര്‍ത്തു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ നേരത്തെ അതിജീവിത എതിര്‍ത്തിരുന്നു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നതെന്തിനെന്ന് കോടതി അതിജീവിതയോട് ചോദിച്ചിരുന്നു.
വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരെ നേരത്തെയും അതിജീവിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഗൗരവ സ്വഭാവത്തോടെയുള്ള ആരോപണം ഉന്നയിക്കണമെന്നായിരുന്നു അന്ന് കോടതി അതിജീവിതയോട് പറഞ്ഞത്.