ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എന്താണ് ലീഗിന്റെ ഇന്നത്തെ പ്രസക്തിയെന്നതിനെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അസോസിയേറ്റ് എഡിറ്ററുമായ പ്രശാന്ത് എം പി സംസാരിക്കുന്നു. പഴയകാല പ്രതാപത്തിന്റെയോ, പാര്‍ലിമെന്റിലെ പ്രസംഗങ്ങളുടെയോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് മാത്രം ഇന്നത്തെ മുസ്ലിം ലീഗിന് വര്‍ത്തമാനകാലത്തെ അതിജീവിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഭയാശങ്കകളോടെ കേന്ദ്ര നീക്കത്തെ നോക്കുമ്പോള്‍ ആ സമുദായത്തെ പ്രതിനിധീകരിക്കാനും ജനാധിപത്യപരമായി അത്തരം ഇടപെടലുകള്‍ നടത്തുന്നതിനും മുസ്ലിം ലീഗിന് സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗിന് തീവ്രത പോരെന്ന് അവകാശപ്പെട്ട് വന്ന സംഘടനകളെല്ലാം തന്നെ പിന്നീട് ഭംഗ്യന്തരേണയെങ്കിലും ലീഗാണ് ശരിയെന്ന് എത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് അത്തരം വിഷയങ്ങളില്‍ എന്ത് നിലപാടെടുക്കുന്നുവെന്നതാണ് പ്രസക്തമായതെന്നും അദ്ദേഹം പറയുന്നു.
ഹരിത, എം എസ് എഫ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രസ്ഥാനത്തിന്റെ യുവശബ്ദങ്ങള്‍ക്ക് പോലും ചെവികൊടുക്കാത്ത പ്രവണതയാണ് നേതൃത്വത്തിനുള്ളത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, സ്ത്രീകളോടുള്ള സമീപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മതനിരാസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിലെ തന്നെ ഒരു വിഭാഗം രംഗത്തെത്തുന്നത്. ആത്യന്തികമായി മതനിരാസം എന്നതിനപ്പുറം ഭരണകക്ഷിയായ സിപിഎമ്മിനെ വിമര്‍ശിക്കുക എന്ന തരത്തിലാണ് ഇത് സംഭവിക്കുന്നത്. ആത്യന്തികമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ സിപിഎം, അതിനകത്ത് നിന്ന് തന്നെയാണ് ഒരു നിലപാടെടുക്കേണ്ടത്. അതേസമയം എം കെ മുനീര്‍, കെ എം ഷാജി എന്നിവരുള്‍പ്പെടെ നടത്തുന്ന രൂക്ഷ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ആരെങ്കിലും ലീഗിനെ ഇടതുപാളയത്തിലെത്തിക്കുമോ എന്ന ഭയപ്പാടില്‍ നിന്നും വഴിതടയാനുള്ള നീക്കമായാണ് കാണേണ്ടതെന്നും പ്രശാന്ത് നിരീക്ഷിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തേക്ക് പോകാന്‍ തീരുമാനമെടുത്താല്‍ പോലും അണികളില്‍ രൂഢമൂലമായി പോയ സിപിഎം വിരോധമായിരിക്കും ഇതിന് പ്രതിബന്ധമാവുകയെന്നും അദ്ദേഹം പറയുന്നു.
കാലാകാലങ്ങളായി മുസ്ലിം ലീഗിനൊപ്പം നിലനിന്നിരുന്ന സമസ്തയുടെ നിലപാടാണ് മുസ്ലിം ലീഗിന് മുന്നിലെ മറ്റൊരു പ്രധാന വെല്ലുവിളിയെന്നത് എടുത്തു പറയുകയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത്. വഖഫ് വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയ സമസ്ത, രാഷ്ട്രീയ കാര്യങ്ങളില്‍ സ്വതന്ത്രമായി നിലപാടുമായി മുന്നോട്ട് വരുന്നത് മുന്‍പുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വയം നവീകരിക്കുകയും ജനാധിപത്യപരമായ ശബ്ദങ്ങളെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ സമുദായത്തിനെ പ്രതിനിധീകരിക്കാനുള്ള പ്രാപ്തി ലീഗിനുണ്ടാവുകയുള്ളൂ എന്നാണ് ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്.