സാന്നിധ്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കൊണ്ട് സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയുന്ന ആളെയാണ് ജൈവ ബുദ്ധിജീവിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ആര്‍ക്കുവേണ്ടിയാണോ നില കൊള്ളേണ്ടത്, അവരുടെ പക്ഷത്തുനിന്നുകൊണ്ട് ആര്‍ജവത്തോടെ സംസാരിക്കാന്‍ കഴിയുന്ന, സമൂഹത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ബുദ്ധിജീവിയെന്നാണ് ജൈവ ബുദ്ധിജീവി എന്ന പദം കൊണ്ട് ഉദ്ദേശിച്ചത്. അത് താനുണ്ടാക്കിയ വാക്കല്ലെന്നും മന്ത്രി പറഞ്ഞു.
മെയ് 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ 'ജൈവബുദ്ധിജീവിയായ ഭരണനായകനെ'ന്നും 'മതനിരപേക്ഷ രാഷ്ട്രീയത്തിലെ യുഗപുരുഷനെ'ന്നും വിശേഷിപ്പിച്ച് മന്ത്രി ബിന്ദു ആശംസ നേര്‍ന്നത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേപ്പറ്റിയുള്ള ബിന്ദുവിന്റെ ആദ്യ പ്രതികരണമാണിത്.
''ജൈവബുദ്ധിജീവി എന്നൊരു വാക്ക് ഞാന്‍ ഈയിടെ പ്രയോഗിച്ചതിന്റെ പേരില്‍ വലിയ കോലാഹലമുണ്ടായി. ഒരാളുടെ സാന്നിധ്യം കൊണ്ട് സമൂഹത്തില്‍ പോസിറ്റീവായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിയുന്ന ആള്‍; പ്രത്യേകിച്ച്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ആള്‍. ആ നിലയിലാണ് ജൈവബുദ്ധിജീവിയെന്ന പ്രയോഗം,'' തിരുവനന്തപുരത്ത് പി കേശവദേവ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കവെ ബിന്ദു പറഞ്ഞു. താന്‍ ജീവിച്ച സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ എഴുത്തുകാരനാണ് കേശവദേവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഏറ്റവും അനുയോജ്യനായ ആളാണ് കവി ദേശമംഗലം രാമകൃഷ്ണനെന്നും ഈ വര്‍ഷത്തെ കേശവദേവ് അവാര്‍ഡ് ജേതാവിനെ അനുമോദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാവരും ബുദ്ധിജീവികളാണെങ്കിലും ചിലര്‍ മാത്രമാണ് ബുദ്ധിജീവികളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതെന്നാണ് ഗ്രാംഷിയുടെ വിശകലനം
അന്റോണിയോ ഗ്രാംഷിയെന്ന ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് ചിന്തകനാണ് ജൈവ ബുദ്ധിജീവിയെന്ന പ്രയോഗം ആദ്യം നടത്തുന്നത്. അദ്ദേഹം ബുദ്ധിജീവികളെ പരമ്പരാഗത ബുദ്ധിജീവികളെന്നും ജൈവ ബുദ്ധിജീവികളെന്നും രണ്ടായി തരംതിരിച്ചു. സമൂഹത്തിലെ എല്ലാവരും ബുദ്ധിജീവികളാണെങ്കിലും ചിലര്‍ മാത്രമാണ് ബുദ്ധിജീവികളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതെന്നാണ് ഗ്രാംഷിയുടെ വിശകലനം. സമൂഹത്തെ മാറ്റാന്‍ പാകത്തില്‍ നിലവിലുള്ള അധീശത്വ ആശയങ്ങളെ മറികടക്കാന്‍ ഉപകരിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നവരെ കൂടിയാണ് ഗ്രാംഷി ജൈവ ബുദ്ധിജീവികളെന്ന് വിശേഷിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പിണറായി വിജയനെ ജൈവ ബുദ്ധിജീവിയെന്ന് നേരത്തെ വിശേഷിപ്പിച്ചിരുന്നു.