കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളോടു വിവേചനം അവസാനിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ നിയമപോരാട്ടത്തിലേക്ക്. ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തിനെതിരെയും ലൈബ്രറിയിലെ സമയ നിയന്ത്രണത്തിനെതിരെയുമുള്‍പ്പെടെ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. 'കര്‍ഫ്യൂ ബ്രേക്കിംഗ് ആസാദി മൂവ്മെന്റി'ന് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
മൂവ്മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോകാനും തിരികെ പ്രവേശിക്കാനും അനുവദിക്കുക, 24 മണിക്കൂറും ലൈബ്രറി സൗകര്യം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥിനികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാത്തതോടെ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.