വയനാട് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി എത്തി. മോഴ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെയാണ് രാഹുല്‍ ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെയും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഡ കൊല്ലിയിലെ പ്രജിഷിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചത്.
ഇതിനിടെ വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ ഓടിപ്പോയ കടുവ ചാണകക്കുഴിയില്‍ വീഴുകയായിരുന്നു. ഇവിടെ കടുവയുടെ കാല്‍പ്പാടുകളും കാണാന്‍ സാധിക്കും. ഇന്നലെ രാത്രി നാട്ടുകാരില്‍ ഒരാള്‍ കടുവയെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്.
സമീപപ്രദേശമായ അമ്പലത്തറയിലും കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കൊന്നിരുന്നു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ഇന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലുള്ള കടുവയെ വെടിവെച്ച് പിടികൂടാനുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയില്‍ നടന്ന ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയുന്ന 100 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍ നടത്തിയത്.
ഹര്‍ത്താലിനിടെ പോളിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളി ടൗണ്‍ ഉപരോധിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ എംഎല്‍എമാരെ ജനം കൈയേറ്റം ചെയ്യുകയും ചെയ്തു. കൂടാതെ കേണിച്ചിറയില്‍ കടുവ ആക്രമിച്ച പശുവിന്റെ ജഡവും പുല്‍പ്പള്ളി നഗരത്തിലെത്തിച്ച് വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിവച്ച് ജനക്കൂട്ടം പ്രതിഷേധിച്ചിരുന്നു.