സംസ്ഥാനത്ത് വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ളത് 7,235 പേര്‍ക്ക്. മരിച്ചവരുടെ ആശ്രിതര്‍ക്ക് മാത്രം അഞ്ചു കോടി 71 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്. നിയമസഭയില്‍ പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയിലാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടില്‍, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്, നേരത്തെ വന്യമൃങ്ങളുടെ ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയത്.
മതിയായ ഫണ്ടില്ലാത്തതാണ് നഷ്ടപരിഹാര വിതരണത്തിന് തടസം സൃഷ്ടിച്ചത്. വ്യക്തമായ രേഖകളുടെ അഭാവം, പരിശോധന നടപടികള്‍ പൂര്‍ത്തീകരിക്കാത്തത്, അപേക്ഷ സമര്‍പ്പിച്ചതില്‍ വന്ന കാലതാമസം എന്നീ കാരണങ്ങളും തിരിച്ചടിയായെന്നും മന്ത്രി വ്യക്തമാക്കി. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ യഥാവിധി സമര്‍പ്പിക്കുന്ന മുറയ്ക്കും പരിശോധനകള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചും മുന്‍ഗണന ക്രമത്തില്‍ അപേക്ഷ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വനത്തിന് അകത്തും പുറത്തും വച്ച് സംഭവിക്കുന്ന വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ജീവഹാനി നേരിടുന്നവരുടെ ആശ്രിതര്‍ക്കും വനംവകുപ്പ് നഷ്ടപരിഹാരം നല്‍കിവരുന്ന നിലവിലെ പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതിയായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ, നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനവാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കടുവകളെ കൂടുവച്ചും മയക്കുവെടി വച്ചും പിടികൂടി സുല്‍ത്താന്‍ ബത്തേരി ആനിമല്‍ ഹോസ്‌പേസ് സെന്റര്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലോ, മറ്റു സംരക്ഷണ കേന്ദ്രങ്ങളിലോ പാര്‍പ്പിച്ച് ചികിത്സ നല്‍കി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ വയനാട് വന്യജീവി സങ്കേതത്തിലുള്ള ആനിമല്‍ ഹോസ്‌പേസ് സെന്റര്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ജില്ലയിലെ വിവിധ മേഖലകളില്‍നിന്നും പിടികൂടിയ ഏഴ് കടുവകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവികള്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് തടയുന്നതിനായി ഇക്കോറെസ്റ്റോറേഷന്റെ ഭാഗമായി വനത്തിനുള്ളില്‍ നിന്നും അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശ ഇനം വൃക്ഷത്തോട്ടങ്ങള്‍ ഘട്ടംഘട്ടമായി മുറിച്ച് മാറ്റും. പകരം, കാട്ടുമാവ്, നെല്ലി, പ്ലാവ് ഉള്‍പ്പെടെയുള്ളവ നട്ടുപിടിപ്പിച്ച് വനത്തിനുള്ളില്‍ തന്നെ വന്യജീവികള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വനത്തിനുള്ളിലെ നീരുറവകള്‍ വറ്റിപ്പോകുന്നത് തടയാനും ജലലഭ്യത ഉറപ്പാക്കാനുമായി വേനല്‍ക്കാലങ്ങളില്‍ താത്കാലിക തടയിണകള്‍ നിര്‍മ്മിക്കാറുണ്ട്. നിലവിലുള്ള ചെക്ക് ഡാമുകളിലേയും കുളങ്ങളിലേയും ചെളിയും മണ്ണും നീക്കി ഉപയോഗ യോഗ്യമാക്കി സംഭരണ ശേഷി വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.