സംസ്ഥാനത്ത് മലയോര മേഖലയില്‍ മനുഷ്യ - വന്യജീവി സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും ആ വിഷയം ചർച്ച ചെയ്യാതെ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം. കഴിഞ്ഞ വർഷം ജനുവരിയിൽ പുനഃസംഘടിപ്പിക്കപ്പെട്ട ബോർഡിന്റെ ആദ്യ യോഗമാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്നത്. യോഗം എടുത്ത പ്രധാന തീരുമാനം ജനവാസ മേഖലകളായ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതമെന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കുകയെന്നതാണ്.
തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തിൽ ധാരണയായതായി വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ബഫർസോൺ വിഷയത്തിൽ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളും യോഗത്തിന്റെ പരിഗണനയിൽ വന്നില്ല. സംസ്ഥാനത്തെ വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വന്യജീവി ബോർഡിന്റെ പ്രത്യേക യോഗം ചേരാൻ ധാരണയായതായി ബോർഡംഗവും പരിസ്ഥിതി പ്രവർത്തകനുമായ ജയകുമാർ 'ദ ഫോർത്തി'നോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അടക്കം സമയം പരിഗണിച്ചുകൊണ്ട് എത്രയും വേഗം അടുത്ത യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ ചര്‍ച്ചയായ ബഫര്‍സോണ്‍ വിഷയവും യോഗം പരിഗണിച്ചില്ല. യോഗത്തില്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍, പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് ഉൾപ്പെടെയുള്ള മുഴുവൻ ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.