100 കോടി രൂപ പിഴയീടാക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ കൊച്ചി കോർപ്പറേഷൻ നിയമ നടപടിക്ക്. ഇത്ര വലിയ തുക പിഴയടയ്ക്കാനാകില്ലെന്ന് കൊച്ചി മേയർ എം അനിൽ കുമാർ പറഞ്ഞു. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിൽ കൊച്ചി കോർപ്പറേഷൻ അനാസ്ഥ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയത്. ഈ തുക ഒരു മാസത്തിനുള്ളിൽ തന്നെ സംസ്ഥാന ചീഫ് സെക്രട്ടറി മുൻപാകെ കെട്ടിവയ്ക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. അതേസമയം, ട്രൈബ്യൂണലിന്റെ ഉത്തരവ് മാനിക്കുന്നതായും വിഷയം ഗൗരവമായി കാണുന്നുവെന്നും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.
വിശദമായ വാദം കേള്‍ക്കാതെയാണ് ദേശീയ ട്രൈബ്യൂണല്‍ ഉത്തരവെന്ന് കൊച്ചി മേയര്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കും. 2012 മുതലുള്ള കോര്‍പ്പറേഷന്‌റെ വീഴ്ചയാണ് വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് വര്‍ഷം മാത്രം അധികാരത്തിലുള്ള നിലവിലെ ഭരണസമിതിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നും മേയര്‍ എം അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണ് എന്നതുകൊണ്ട് സംസ്ഥാന സർക്കാർ ഒഴിഞ്ഞു നിൽക്കില്ലെന്ന് മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച മന്ത്രി നേരത്തെ ഭരിച്ച യുഡിഎഫിന് മേലാണ് പഴിചാരിയത്. ''ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് മേൽ ചുമത്തിയ പിഴയുടെ അടിസ്ഥാനം ബ്രഹ്മപുരത്തെ തീപിടുത്തമാണ്. ഇത് കഴിഞ്ഞ ഒന്നോ രണ്ടോ വർഷം കൊണ്ടുണ്ടായ വിഷയമല്ല. 2012 മുതൽ ബ്രഹ്മപുരത്ത് കൊണ്ടുവന്ന തട്ടുന്ന മാലിന്യകൂനയ്ക്കാണ് തീപിടിച്ചത്. അന്ന് കോർപ്പറേഷൻ ഭരിക്കുന്നത് യുഡിഎഫ് ആയിരുന്നു. കൊച്ചി കോർപ്പറേഷന്റെ കാര്യത്തിൽ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വന്ന സാഹച്യത്തിലാണ് സംസ്ഥാന സർക്കാർ ദുരന്തര നിവാരണ നിയമം ഉപയോഗിച്ച് ഇടപെട്ടത്. കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിലിരിക്കുന്ന ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച അജണ്ട 23 തവണയാണ് മാറ്റിവച്ചത്.'' മന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനായി രണ്ട് ഘട്ടങ്ങളിലായി കർമപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാമത്തേത് മാർച്ച് 13 മുതൽ മെയ് 31 വരെയും രണ്ടാമത്തേത് സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുമാണ്. ഇതിലൂടെ കൊച്ചിയിലെ മാലിന്യ സംസ്കരണത്തിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നും എം ബി രാജേഷ് പ്രത്യാശ പ്രകടിപ്പിച്ചു. 2009ൽ സീറോ വേസ്റ്റ് അവാർഡ് കേന്ദ്രമന്ത്രിയിൽ നിന്ന് നേടിയ കോർപ്പറേഷനാണ് കൊച്ചി എന്നും അദ്ദേഹം ഓർമിപ്പിച്ചു.
പൊതു ഖജനാവിൽ നിന്ന് പണം ഈടാക്കി പിഴയടയ്ക്കരുതെന്നും കുറ്റക്കാരിൽ നിന്ന് പിഴത്തുക ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.