മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ ആരാകുമെന്ന ചർച്ചകൾക്കും ചൂടുപിടിച്ചുകഴിഞ്ഞു. ചാണ്ടി ഉമ്മനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. എതിര്‍പക്ഷത്ത് ആരാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ഉമ്മന്‍ചാണ്ടിക്കെതിരേ ഇടതുപക്ഷം രംഗത്തിറക്കിയത് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്ക് സി തോമസിനെയാണ്. ജെയ്ക്കിന് ഒരു മൂന്നാമൂഴം നല്‍കാന്‍ എല്‍ഡിഎഫ് തയാറാകുമോയെന്നാണ് അറിയാനുള്ളത്.
ഉമ്മൻ ചാണ്ടിയെന്ന ജനപ്രിയ രാഷ്ട്രീയ നേതാവിന്റെ വിടവാങ്ങൽ പുതുപ്പള്ളിക്കാർക്കുണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പേയാണ് ഉപതിരഞ്ഞെടുപ്പെന്നത് യുഡിഎഫിന് മേൽക്കൈ നൽകുന്നുണ്ട്. സഹതാപ തരംഗത്തിന്റെ ആനുകൂല്യത്തിൽ വമ്പിച്ച ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതും. അതേസമയം 2021ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ വെള്ളംകുടിപ്പിച്ച എതിരാളിയാണ് ജെയ്ക്.
ഇരുവരും ആദ്യമായി നേർക്കുനേർവന്ന 2016ലെ തിരഞ്ഞെടുപ്പിൽ 27,092 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത്. എന്നാൽ 2021 ആയപ്പോഴേക്കും അത് 9044 വോട്ടായി കുറയ്ക്കാൻ ജെയ്ക്കിന് കഴിഞ്ഞിരുന്നു. 1987ന് ശേഷം അത്തവണയാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ആദ്യമായി പതിനായിരത്തിൽ താഴേക്ക് എത്തിയത്. എന്നാൽ ഇത്തവണ സഹതാപ തരംഗം അലയടിക്കാൻ സാധ്യതയുള്ള ഒരു ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്കിന് എത്രത്തോളം പിടിച്ചുനിൽക്കാനാകുമെന്നത് ഒരു ചോദ്യമാണ്. എന്നിരുന്നാലും ജെയ്ക്കല്ലാതെ ഒരു സ്ഥാനാർഥിയെ എൽഡിഎഫിന് കണ്ടെത്താൻ കഴിയുമോ എന്ന ചോദ്യവും പ്രാധാന്യമർഹിക്കുന്നുണ്ട്.
എസ്എഫ്ഐയിലൂടെ വളര്‍ന്നു വന്ന നേതാവാണ് ജെയ്ക് സി തോമസ്. കോട്ടയം സിഎംഎസ് കോളജില്‍ പഠിച്ച ജെയ്ക് എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ല്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവുമാണ്.