ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് കെ സുധാകരന്‍. പാര്‍ട്ടിക്ക് ഹാനികരമായൊതാന്നും ചെയ്യില്ലെന്നും അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുകയാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യത്തിൽ ചര്‍ച്ച നടക്കുകയാണ്. അന്വേഷണം നേരിടും. ഭയമില്ല നൂറ് ശതമാനം നിരപരാധിയാണെന്ന വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പ് കേസിൽ ഇന്നലെയാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട സുധാകരന് നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കെ സുധാകരനെ പ്രതിചേർത്ത് ജൂൺ 12ന് എറണാകുളം എ സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2018ൽ കലൂരിലെ വാടക വീട്ടിൽ വച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയം കെ സുധാകരനും അവിടെയുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ പത്തുലക്ഷം സുധാകരൻ കൈപ്പറ്റി. പാർലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്റെ വിദേശത്തുനിന്നെത്തിയ പണം വിട്ടു നൽകിപ്പിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴിയിലുള്ളത്.ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കേസ് ചുമത്തി കേസെടുത്തിരിക്കുന്നത്.