മലയാള സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിവച്ച വിവാദം സിപിഎമ്മിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുതിര്‍ന്ന സിനിമാ താരവും സിപിഎം നേതാവുമായി മുകേഷിന് എതിരായ വെളിപ്പെടുത്തലുകളാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവാക്കിയത്. മുകേഷിനെ പൂര്‍ണമായും തള്ളാന്‍ ഇതുവരെ സിപിഎം തയ്യാറായിട്ടില്ലെങ്കിലും പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലും ഇതിനോടകം എതിര്‍സ്വരങ്ങള്‍ ശക്തമായിക്കഴിഞ്ഞു.
മുകേഷിന്റെ രാജിയില്‍ പ്രതിരോധിച്ച് സംസ്ഥാനത്തെ നേതാക്കളില്‍ പ്രമുഖരായ ചിലര്‍തന്നെ രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി നിലപാടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ഈ സാചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലേക്കാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ തിരിയുന്നത്. ശനിയാഴ്ച യോഗത്തിന്റെ രണ്ടാം ദിനത്തില്‍ വിഷയം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയ ശേഷമായിരിക്കും വിഷയത്തില്‍ സിപിഎം തീരുമാനം പ്രഖ്യാപിക്കുക. എന്നാല്‍ കടുത്ത നടപടി ഉണ്ടാകാനിടയില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ മുകേഷ് വിഷയം ചര്‍ച്ചായിയിരുന്നില്ല. നാളെ സംസ്ഥാന സമിതി വിഷയം പരിശോധിച്ചാലും മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ കോടതിയുടെ പരിഗണനയില്‍ ഉള്ള സാഹചര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തല്‍.
മുകേഷ് വിഷയത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം വൈകുമ്പോള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു വശത്ത് നടപടി പുരോഗമിക്കുകയാണ്. പരാതിക്കാരിയായ നടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിയാണ് പരാതിക്കാരി രഹസ്യമൊഴി നല്‍കിയത്. മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും മജിസ്‌ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും നടപടിക്രമങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട പരാതിക്കാരി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ് കോടതി പരിഗണിക്കും.
മുകേഷ് രാജിവച്ച് അന്വേഷണം നേരിടണം എന്ന നിലപാടാണ് സിപിഐക്കുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. നേരത്തെ സിപിഐ നേതാവ് ആനി രാജയും സമാനമായ നിലപാട് കൈക്കൊണ്ടിരുന്നു. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ ഒരുവിഭാഗം രാജി വേണ്ടെന്ന നിലപാടാണ് കൈക്കൊള്ളുന്നത്. വിഷയത്തില്‍ പ്രതികരിച്ച പി കെ ശ്രീമതിയും മുകേഷിന്റെ പേര് പറയാതെ രാജി ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ എടുക്കുന്നുണ്ട്
കേസ് വരട്ടെ, ആരും രാജി വെയ്‌ക്കേണ്ട എന്നായിരുന്നു പി കെ ശ്രീമതിയുടെ നിലപാട്. ആരോപണവിധേയര്‍ നിരപരാധിയാണെന്ന് തെളിയിക്കട്ടെ. ്ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് ഏതെങ്കിലും നിയമത്തില്‍ പറയുന്നുണ്ടോ' എന്നായിരുന്നു ശ്രീമതിയുടെ ചോദ്യം. സമാനമായ കേസുകള്‍ മുന്‍പുണ്ടായ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെ കെ ശൈലജ വിഷയത്തില്‍ പ്രതികരിച്ചത്. നേരത്തെയും ചിലര്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ എംഎല്‍എയായി തുടര്‍ന്നാണല്ലോ അന്വേഷണം നേരിട്ടത് എന്ന് ചോദിച്ച ശൈലജ ശരിയായ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ആരോപണം കേട്ടയുടനെ മുകേഷ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും പ്രതികരിച്ചു.
എന്നാല്‍, ഈ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു സിപിഎം നേതാവ് ബൃന്ദാ കാരാട്ട് നടത്തിയത്. പാര്‍ട്ടിയുടെ വെബ് സൈറ്റില്‍ പങ്കുവച്ച ലേഖനത്തില്‍ ന്യായീകരണള്‍ ഉന്നയിച്ച കടിച്ചുതൂങ്ങരുത് എന്ന വ്യക്തമായ സൂചനയാണ് ബൃന്ദ കാരാട്ട് നല്‍കിയത്. 'അവര്‍ ചെയ്തു അതുകൊണ്ട് ഞങ്ങളും ചെയ്തു' എന്ന സമീപനമല്ല ഇത്തരം കാര്യങ്ങളില്‍ ഉണ്ടാകേണ്ടത്. എല്ലായിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ - സിനിമാ മേഖലയിലെ അനീതിക്കെതിരെയുള്ള ധീരമായ പോരാട്ടത്തില്‍ സര്‍ക്കാരും സമൂഹവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം സ്ത്രീകള്‍ക്കുണ്ടാകണം. ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും സംസ്ഥാന നേതാക്കള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ പ്രതികരണവുമായി രംഗത്തെത്തി. മുകേഷിനെതിരെ ഒരു കുറ്റാരോപണം ഉണ്ടായിട്ടുണ്ട്. അതില്‍ കേസ് എടുത്തിട്ടും ഉണ്ട്. ഇതില്‍ സുതാര്യമായ രീതിയില്‍ അന്വേഷണം നടക്കണം. മുകേഷിന് കേസിന്റെ സുതാര്യമായ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയും. മുകേഷിനെ ആദ്യം സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. മുകേഷ് കൂടി ഉള്‍പ്പെട്ട കേസിലെ നയരൂപീകരണ സമിതിയില്‍ അദ്ദേഹം ഉണ്ടാകുന്നത് കേസിനെ സാരമായി ബാധിക്കുമെന്നും സുഭാഷിണി അലി പറയുന്നു.
അതേസമയം, മുകേഷിനെതിരായ ആരോപണങ്ങളില്‍ പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവര്‍ ഗ്രൂപ്പാണ് എം. മുകേഷ് എംഎല്‍എയെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കുറ്റവാളികള്‍ക്ക് ഇവര്‍ കുടപിടിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് ആരോപണ വിധേയനെ സംരക്ഷിച്ചു സിപിഎം പൊതുസമൂഹത്തില്‍ പരിഹാസ്യരായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്കാണ് പോകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കുകയും ഉന്നതരെ സംരക്ഷിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന പേജുകള്‍ ഇപ്പോഴും എവിടെയെന്ന് അറിയില്ല. റിപ്പോര്‍ട്ടില്‍ ഉള്ളതാണ് യഥാര്‍ത്ഥ പ്രശ്‌നം എന്നും അതിനാണ് പരിഹാരം വേണ്ടത്. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ആകില്ലെന്നും അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുയാണ് മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍. മുകേഷിന്റെ കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്കും സെക്രട്ടേറിയറ്റിലേക്കും മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുകേഷ് രാജിവെക്കും വരെ പ്രതിഷേധ സമരം തുടരുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എംപി വ്യക്തമാക്കി.
അതിനിടെ, ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട എം. മുകേഷ് എം.എല്‍.എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത പ്രതികരിച്ചു. ഇടതുസര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടെന്നും അജിത വിമര്‍ശിച്ചു.