എറണാകുളം ബസലിക്ക പള്ളിയിലെ ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ പ്രതികരണവുമായിമേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് ആലഞ്ചേരി വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ഭാഗമായവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിശ്വാസികള്‍ സമരങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''സഭയുടെ അച്ചടക്കം ലംഘിച്ച സംഭവങ്ങളാണുണ്ടായത്. അച്ചടക്കലംഘനം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു. സമരമാര്‍ഗമായി കുര്‍ബാനയെ ഉപയോഗപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. സഭയുടെ പവിത്രത കളങ്കപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായത്. ഏകീകൃത കുര്‍ബാന വിഷയത്തില്‍ സമരത്തില്‍ നിന്ന് വൈദികരും വിശ്വാസികളും പിന്മാറണം '' - കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കി.
ഡിസംബർ 23-24 തീയതികളിൽ സെന്റ് മേരീസ് ബസലിക്കയിൽ നടന്ന പ്രതിഷേധങ്ങളെ സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും അപലപിച്ചു.
ക്രിസ്മസ് തലേന്നാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേ സമയം രണ്ട് തരം കുര്‍ബാനകള്‍ നടന്നത് . പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടക്കുമ്പോള്‍ മറ്റൊരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വെള്ളിയാഴ്ച രാത്രിയില്‍ തുടങ്ങിയ തര്‍ക്കങ്ങള്‍ പിറ്റേദിവസം രാവിലെ വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയായരിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ പള്ളി അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ വരുന്നതറിഞ്ഞ് വിമത വിഭാഗം നേരത്തെ തന്നെ പള്ളിയില്‍ എത്തുകയും ജനാഭിമുഖ കുര്‍ബാന ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഫാ. ആന്റണി പുതുവേലില്‍ വന്ന് ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചു.
ഏകീകൃത കുര്‍ബാന കഴിഞ്ഞ് രാത്രി വൈകിയും ജനാഭിമുഖ കുര്‍ബാന തുടര്‍ന്നത് ഏകീകൃത കുര്‍ബാന വാദികളെ ചൊടിപ്പിക്കുകയും തര്‍ക്കമുണ്ടാവുകയുമായിരുന്നു. സംഭവം നടന്ന ദിവസം രാവിലെയും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പള്ളിക്കകത്തും പുറത്തേക്കും സംഘര്‍ഷം നീണ്ടത്. തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുന്‍പാണ് തുറന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് പോലീസ് കാവല്‍ ഒരുക്കിയിരുന്നു. മുന്‍പ് ആന്റണി പുതുവേലിന് ഈ വിഷയത്തില്‍ ഹൈക്കോടതി പോലീസ് സംരക്ഷണവും നല്‍കിയിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഏത് സമയവും പൊട്ടാവുന്ന ബോംബായാണ് വിശ്വാസികള്‍ കുര്‍ബാന തര്‍ക്കത്തെ കാണുന്നത്.