പത്തനംതിട്ടയില്‍ യുവതിയുടെ കൈകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശിനി വിദ്യയെ വെട്ടിപരുക്കേല്‍പ്പിച്ച ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുശേഷം രക്ഷപെട്ട സന്തോഷിനെ അടൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം, വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയായി. പത്ത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ത്തത്.
പരുക്കേറ്റ വിദ്യയേയും പിതാവ് വിജയനെയും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ സന്തോഷ് ഓടി രക്ഷപ്പെടുകയായിരുന്നു
കഴിഞ്ഞ ദിവസം വിദ്യയുടെ വീട്ടിലെത്തിയാണ് സന്തോഷ് ആക്രമണം നടത്തിയത്. വടിവാളുപയോഗിച്ചുള്ള ആക്രമണത്തില്‍ വിദ്യയുടെ ഒരു കൈപ്പത്തി അറ്റിരുന്നു. മറ്റേ കൈയുടെ മുട്ടിന് താഴെ ഭാഗവും അറ്റുപോയി. തടയാന്‍ ശ്രമിച്ച വിദ്യയുടെ അച്ഛന് വിജയനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ പരുക്കേറ്റ വിദ്യയേയും പിതാവ് വിജയനെയും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ സന്തോഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
സന്തോഷും വിദ്യയും ഏറെനാളായി പിരിഞ്ഞു കഴിയുകയാണ്. രണ്ടു പേരുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. ദിവസങ്ങള്‍ക്കു മുമ്പ് സന്തോഷ് വിദ്യയുടെ വീടിനു സമീപമെത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.