മുറിവേറ്റ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ തൊട്ട് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടം വരെയുള്ള ജീവിതം തുറന്നെഴുതി സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ആത്മകഥ. തുറന്നെഴുതുന്നത് ഒരു കൊള്ളക്കാരിയുടെ കഥയല്ല എന്ന ആമുഖത്തോടെയാണ് സ്വപ്‌ന സുരേഷ് ചതിയുടെ പത്മവ്യൂഹ'മെന്ന തന്റെ ആത്മകഥ തുടങ്ങുന്നത്.
വേണ്ടത്ര സ്‌നേഹമോ പരിലാളനകളോ കിട്ടാത്ത കുട്ടിക്കാലം. കറുത്ത, ഭംഗിയില്ലാത്ത കുട്ടിയായതിനാല്‍ വീട്ടില്‍ ഒറ്റപ്പെട്ടാണ് താന്‍ ജീവിച്ചതെന്ന് സ്വപ്ന പറയുന്നു. വീട്ടില്‍ താന്‍ വെറുക്കപ്പെട്ടവളായിരുന്നു, സഹോദരന്‍മാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം തനിക്ക് നിഷേധിക്കപ്പെട്ടു. പെണ്‍കുട്ടി ആയതുകൊണ്ടുമാത്രം വീട്ടില്‍ നേരിടേണ്ടി വന്ന വിവേചനങ്ങളെ കുറിച്ചും അരക്ഷിതാവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് ആദ്യ രണ്ട് അധ്യായങ്ങളില്‍ സ്വപ്ന.
രണ്ടാമത്തെ കുഞ്ഞിനെ കുറിച്ച് തീരെ ആലോചിക്കാതിരുന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അമ്മയുടെ വയറ്റില്‍ കുരുത്ത പടുമുളയാണ് ഞാന്‍. ആഗ്രഹിക്കാത്ത സമയത്ത് വയറ്റില്‍ കയറിക്കൂടിയ ജീവന്‍ ദുരിതങ്ങളുമായി വരുന്ന അസത്താണെന്ന് ഡാഡിയും മമ്മിയും കരുതി. 'അയ്യേ ഇതെന്റെ കുഞ്ഞല്ല' എന്ന് ആ കറുത്ത പെണ്‍കുട്ടിയെ നോക്കി പറഞ്ഞയാളായിരുന്നു അച്ഛന്‍
'bad omen to the family' എന്നാണ് നിരന്തരം സ്വപ്‌ന തന്റെ കുട്ടിക്കാലത്തെ അടയാളപ്പെടുത്തുന്നത്
വീട്ടിലെ എല്ലാം പണികളും ചെയ്യണം. അതിനു ശേഷം കിട്ടുന്ന സമയത്ത് മാത്രം പഠിക്കണം. പഠിച്ചില്ലേലും കുഴപ്പമില്ല. ചെറിയ തെറ്റുകള്‍ക്ക് പോലും ക്രൂരമായ ശിക്ഷ കിട്ടി.ബെല്‍റ്റ് വെച്ചും, ബെല്‍റ്റിന്റെ ക്ലിപ്പ് വെച്ചുമൊക്കെയാണ് പ്രയോഗം. പിന്നീട് ജീവിതത്തിലിന്നോളം നേരിടേണ്ട വന്ന ക്രൂര പീഡനങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി കിട്ടിയത് ഒരു പക്ഷേ കുഞ്ഞുന്നാള്‍ മുതല്‍ കിട്ടിയ ഇത്തരം ശിക്ഷകള്‍ കൊണ്ടാവാംസ്വപ്ന സുരേഷ് , ചതിയുടെ പത്മവ്യൂഹം
ബാബു അമ്മാവന്‍ തുപ്പിയ ചായ എന്നെ കൊണ്ട് തല്ലിക്കുടിപ്പിച്ചു, അത് കണ്ട് രസിക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു
അടുക്കളയിലാണ് സ്ത്രീകള്‍ കഴിയേണ്ടതെന്ന ബോധം ചെറിയ പ്രായത്തില്‍ തന്നെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. കുട്ടിക്കാലത്ത് അമ്മയുടെ സഹോദരന്റെ ഭാഗത്തു നിന്നുണ്ടായ പീഡനങ്ങളെ കുറിച്ചും അവിടെ അമ്മ പുലർത്തിയ നിസംഗതയെകുറിച്ചും സ്വപ്ന വിശദീകരിക്കുന്നു.
ചതിയുടെ പത്മവ്യൂഹത്തിലെ രണ്ടാം അധ്യായത്തില്‍ താന്‍ കടന്നു പോയ കൗമാരകാലഘട്ടത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സ്വപ്ന . കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയ ദിനങ്ങളായിരുന്നു അതെന്നും സ്വപ്ന എഴുതുന്നു.
കൗമാരത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ ഫാദര്‍ വര്‍ഗീസുമായി അടുപ്പത്തിലാവുകയും കന്യാസ്ത്രീയാകാനായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അയാള്‍ക്കൊപ്പം വന്ന കഥയും പിന്നീട് ആ കെണിയില്‍ നിന്ന രക്ഷപ്പെട്ടതുമൊക്കെ രണ്ടാം അധ്യായമായ ഇന്റര്‍ നാഷണല്‍ പ്രോസ്റ്റിറ്റ്യൂട്ടില്‍ വിശദീകരിക്കുന്നുണ്ട് .
ആത്മകഥയുടെ അടുത്ത അധ്യായങ്ങളിലേക്ക് കടക്കുമ്പോള്‍ ജീവിതത്തിലേക്ക് കടന്നു വന്ന വ്യക്തികളും വ്യക്തിജീവിതത്തിലുണ്ടായ തിരിച്ചടികളുമെല്ലാം സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കറുമായി തനിക്കുണ്ടായിരുന്ന വൈകാരിക ബന്ധത്തെ കുറിച്ചും ആ ബന്ധം ശിവശങ്കർ ഉപയോഗപ്പെടുത്തിയതിനെ കുറിച്ചും ചിത്രങ്ങളടക്കം പങ്കുവെച്ച് പറയുന്നുണ്ട് ആത്മകഥയില്‍ സ്വപ്‌ന സുരേഷ്