സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലവാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, കോട്ടയം, ഇടുക്കി,പാലക്കാട് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്. കര്‍ണാടക തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴയ്ക്ക് കുറവുണ്ടാവുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയോടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറും. നേരിട്ട് ബാധിക്കില്ലെങ്കിലും ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും.
ഇടിമിന്നൽ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ കരുതല്‍ വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ പറയുന്നു. മനുഷ്യന്റെയും യും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടമാണ് ഇടിമിന്നല്‍ സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.