KERALA

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

വെബ് ഡെസ്ക്

സംസ്ഥാനത്ത് ചൂടിനാശ്വാസമായി പെയ്തിറങ്ങിയ മഴ ഇന്നും തുടരും. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ച സാഹചര്യത്തില്‍ അന്തരീക്ഷ താപനിലയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത ചൂട് രേഖപ്പെടുത്തുകയും പല തവണ ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത പാലക്കാട് ജില്ലയില്‍ താപനിലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസോളം കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. തൃശൂരില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കുറഞ്ഞപ്പോള്‍ കോട്ടയം ജില്ലയില്‍ 2.5 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞു.

അന്തരീഷത്തിലെ മാറ്റം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും സാരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ തന്നെ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചിരുന്നു. ബുധനാഴ്ചത്തെ പരമാവധി ആവശ്യകത 5251 മെഗാവാട്ടായി കുറഞ്ഞു.

വെള്ളിയാഴ്ചയിലെ ആകെ വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റില്‍ താഴെയായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ടില്‍ കുറവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗം 10.10999 കോടി യൂണിറ്റായിരുന്നത് വെള്ളിയാഴ്ച 9.88319 കോടി യൂണിറ്റായി കുറഞ്ഞു. പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5209 മെഗാവാട്ടില്‍നിന്ന് 4,976 മെഗാവാട്ടായി. ചൊവ്വാഴ്ചത്തെ പരമാവധി ആവശ്യകതയേക്കാൾ 493 മെഗാവാട്ടിന്റെ കുറവായിരുന്നു ബുധനാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ പരമാവധി ആവശ്യകത 5744 മെഗാവാട്ടായിരുന്നു.

മഴ മുന്നറിയിപ്പിനൊപ്പം കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസം ഇന്നും തുടര്‍ന്നേക്കും. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം