കരമനയില്‍ ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍  
KERALA

കരമനയിൽ യുവാവിനെ മർദിച്ച സംഭവം; വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കരമന പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ സസ്‌പെൻഡ് ചെയ്തു, എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

വെബ് ഡെസ്ക്

കരമന നിറമൺകരയിൽ ട്രാഫിക് സിഗ്നലിൽ വച്ച് സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ, കേസെടുക്കാൻ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. കരമന എഎസ്ഐ മനോജിനെ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്തു. എസ്‌ ഐ സന്ധുവിനെതിരെ വകുപ്പുതല അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു. സ്പെഷ്യൽ ബ്രാഞ്ചിൻറെയും ഫോർട്ട് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണറുടേയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി.

പകൽ നടുറോഡിൽ ബൈക്ക് യാത്രക്കാരനെ മർദിച്ച് അവശനിലയിലാക്കിയ സംഭവത്തിൽ സമയബന്ധിതമായി ഇടപെടുന്നതിലും തുടർ നടപടികൾ സ്വീകരിക്കുന്നതിലും പോലീസിന് വീഴ്ച സംഭവിച്ചെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. ഇത് കാരണം, സമൂഹ മാധ്യമങ്ങളിലൂടെ പോലീസിന് വിമർശനം ഏൽക്കേണ്ടിവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചികിത്സാരേഖകളും മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ അടുത്ത ദിവസം മൊഴി എടുക്കാനായി വിളിപ്പിച്ചെങ്കിലും എടുക്കാതെ തിരിച്ചയക്കുകയായിരുന്നു

നെയ്യാറ്റിൻകര സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനെ സഹോദരങ്ങളായ അഷ്കറും അനീഷും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം. മർദനമേറ്റ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ പ്രദീപിനോട് ചികിത്സാ രേഖകളുമായി എത്തണമെന്നാണ് പോലീസ് പറഞ്ഞത്. ചികിത്സാരേഖകളും മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ അടുത്ത ദിവസം മൊഴി എടുക്കാനായി വിളിപ്പിച്ചെങ്കിലും മൊഴി എടുക്കാതെ തിരിച്ചയച്ചതിൽ പരാതി ഉയർന്നു. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തതും വധശ്രമത്തിന് പോലീസ് കേസെടുത്തതും. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇരുവരും ഒളിവിൽ ആണെന്നുമാണ് കരമന പോലീസിന്റെ വിശദീകരണം.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം