കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ, മണ്ഡലം നേതാവ് ആന്റോ ആന്റണി എന്നിവരെയാണ് ആക്രമിച്ചത്. സിപിഎം പഞ്ചായത്ത് അംഗം ബൈജു അടക്കമുള്ള മൂവര്‍ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 11 മണിയോടു കൂടിയാണ് സംഭവം. കമ്പി വടി കൊണ്ട് മനുവിന്റെ വീട്ടില്‍ കടന്നുകയറി ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആന്റോ ആന്‍ണിയുടെ തലയ്ക്ക് പരുക്കുണ്ട്. ഇയാളുടെ ദേഹമാസകലം അടിയേറ്റിട്ടുമുണ്ട്.
ആക്രമണത്തിന് പിന്നാലെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് പുലര്‍ച്ചയോടെ സംഭവസ്ഥലത്ത് എത്തിയെങ്കിലും പോലീസ് സാന്നിധ്യത്തില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും പരാതിയുണ്ട്. അറുപതോളം പ്രവര്‍ത്തകര്‍ സംഘത്തിലുണ്ടായിരുന്നെന്നാണ് ആക്രമണത്തിനിരയായവർ പറയുന്നത്. എന്നാല്‍, ഇത് പോലീസ് നിഷേധിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്‍ട്രീയമല്ലെന്നും സ്ഥലത്തെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും പോലീസ് പറഞ്ഞു.
എന്നാല്‍, സിപിഎമ്മിന് സ്വാധീനമുള്ള മേഖലയില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചതാണ് പ്രകോപനമായതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പോലീസിന്റെ ഒത്താശയോടെയാണ് ആക്രമണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.