മേയർക്കെതിരായ നിയമന വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം ശക്തമായതോടെ നഗരസഭാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു.
നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് കവാടത്തിന് സമീപം എത്തുന്നതിന് മുന്‍പ് തന്നെ പോലീസ് തടഞ്ഞു. പിരിഞ്ഞുപോകണമെന്ന നിര്‍ദേശം അനുസരിക്കാന്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകാതിരുന്നതോടെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
കോര്‍പ്പറേഷനില്‍ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ ബിജെപി അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിട്ടു. ഇത് ചോദ്യം ചെയ്ത് സിപിഎം കൗണ്‍സിലര്‍മാര്‍ എത്തിയതോടെ കൈയ്യാങ്കളിയിലേക്ക് മാറി. കോര്‍പ്പറേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയ സ്ത്രീകളടക്കമുള്ളമര് സമരത്തിനിടയില്‍ കുടുങ്ങി.
മേയർ ആര്യ രാജേന്ദ്രന് നേരെ കയ്യേറ്റം നടന്നതായി സിപിഎം ആരോപിച്ചു. നിവേദനം നൽകാനെന്ന പേരിൽ മേയറുടെ ചേംബറിൽ യുഡിഎഫ് കൗൺസിലർമാർ കടന്നു കയറി കയ്യേറ്റ ശ്രമം നടത്തിയെന്നാണ് ആരോപണം.
പ്രതിഷേധം ശക്തമാകുമ്പോഴും കത്തയച്ചത് താനല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. കത്ത് തയ്യാറാക്കുകയോ, എഴുതുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആര്യാ രാജേന്ദ്രന്‍ വിശദീകരിച്ചിരുന്നു. കത്ത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും, കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.